ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധിക്ക് ശേഷം ധനകാര്യ വകുപ്പ് കൈക്കാര്യം ചെയ്യുന്ന വനിതാ മന്ത്രി എന്ന പദവി നിര്‍മ്മല സീതാരാമനുള്ളതാണ്. രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ധനവകുപ്പാണ് നിര്‍മ്മല കൈക്കാര്യം ചെയ്യുന്നത്. ഇപ്പോള്‍ ഇതാ നിര്‍മ്മലയെ തേടി മറ്റൊരു സുവര്‍ണ നേട്ടം കൂടി. യുകെ പുറത്തിറക്കിയ നൂറ് കരുത്തരായ വനിതകളുടെ ലിസ്റ്റില്‍ ഒരാള്‍ നിര്‍മ്മല സീതാരാമനാണ്. ‘100 Most Influential in UK-India Relations: Celebrating Women’  എന്ന പട്ടികയിലാണ് നിർമ്മല സീതാരാമൻ ഇടം പിടിച്ചിരിക്കുന്നത്. യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവിദാണ് പട്ടിക പുറത്തിറക്കിയത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിച്ചിട്ടുള്ള നിര്‍മ്മല മന്ത്രി പദത്തിലെത്തും മുന്‍പ് യുകെയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രിയായിരിക്കെ നിർമ്മല നടത്തിയ പ്രവർത്തനങ്ങളാണ് നേട്ടം കെെവരിക്കാൻ കാരണമായത്. ഒന്നാം മോദി സർക്കാർ മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്നു നിർമ്മല സീതാരാമൻ.

Read Also: ഇന്ദിരയ്ക്ക് ശേഷം നിര്‍മ്മല സീതാരാമന്‍; മന്ത്രിസഭയിലെ ‘സൂപ്പര്‍ ലേഡി’

ഇന്ദിരയ്ക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത വനിത എന്ന നേട്ടം സ്വന്തമാക്കിയ നിര്‍മ്മല സീതാരാമന്‍ തന്നെയാണ്. ഇന്ദിരാ ഗാന്ധിക്കു ശേഷം ധനവകുപ്പ് കൈകാര്യം ചെയ്യുന്ന വനിതാ മന്ത്രിയെന്ന നേട്ടമാണ് നിർമ്മല സീതാരാമൻ ഇത്തവണ സ്വന്തമാക്കിയത്. നേരത്തെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ധനകാര്യ വകുപ്പ് കൂടി ഇന്ദിരാ ഗാന്ധി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ആദ്യമായാണ് ധനകാര്യ വകുപ്പിന് മാത്രമായി ഒരു വനിത മന്ത്രിയെ ചുമതലപ്പെടുത്തുന്നത്. 1970 – 1971 കാലഘട്ടത്തിലാണ് ധനകാര്യ വകുപ്പ് ഇന്ദിരാ ഗാന്ധി കെെകാര്യം ചെയ്തത്.

ഇതിന് മുൻപ് നിർമ്മല സീതാരാമൻ കെെകാര്യം ചെയ്തിരുന്നത് പ്രതിരോധ വകുപ്പാണ്. അവിടെയും ഇന്ദിരയ്ക്ക് ശേഷം നിർമ്മല തന്നെ!. പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇന്ദിരാ ഗാന്ധി പ്രതിരോധ വകുപ്പ് കെെകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് പ്രതിരോധ വകുപ്പിന് മാത്രമായി ഒരു വനിത മന്ത്രിയെ കഴിഞ്ഞ തവണ പ്രഖ്യാപിച്ചത്. മനോഹർ പരീക്കറിന് ശേഷമാണ് നിർമ്മല സീതാരാമൻ കഴിഞ്ഞ തവണ പ്രതിരോധ വകുപ്പ് ഏറ്റെടുത്തത്. ഇന്ദിരയ്ക്ക് ശേഷം ഈ രണ്ട് മന്ത്രാലയങ്ങളുടെയും ചുമതലയുള്ള സൂപ്പർ ലേഡിയായിരിക്കുകയാണ് നിർമ്മല സീതാരാമൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook