ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ആര്‍ബിഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്നും 1.76 ലക്ഷം കോടി കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ ആര്‍ബിഐയുടെ തീരുമാനത്തിനെതിരെയായിരുന്നു രാഹുല്‍ രംഗത്തെത്തിയത്.

രാഹുലിന്റെ ആരോപണങ്ങളെ ജനം തള്ളിക്കളയുമെന്നായിരുന്നു നിര്‍മലയുടെ പ്രതികരണം. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കും മുമ്പ് രാഹുല്‍ വിദഗ്ധരോട് സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ബിമല്‍ ജലാന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആര്‍.ബി.ഐ കേന്ദ്രസര്‍ക്കാരിന് പണം നല്‍കിയതെന്നും ധനമന്ത്രി വിശദീകരിച്ചു.

”കള്ളന്‍, കള്ളന്‍, കള്ളന്‍ വിളിച്ച് അദ്ദേഹം ഒരുപാട് ശ്രമിച്ചതാണ്. പക്ഷെ ജനം അദ്ദേഹത്തിന് ശരിയായ മറുപടി നല്‍കി. പക്ഷെ ഇപ്പോഴും അദ്ദേഹം ആ പ്രയോഗം ഉപയോഗിക്കുന്നു. ഇതുപോലുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയും മുമ്പ് മുന്‍ മന്ത്രിമാരോടും വിദഗ്ധരോടും സംസാരിക്കേണ്ടതുണ്ടായിരുന്നു. മോഷണത്തില്‍ അദ്ദേഹം വിദഗ്ധനാണ്. അതുകൊണഅട് അദ്ദേഹത്തിന്റെ പ്രതികരണങ്ങളെ ഞാന്‍ ഗൗനിക്കാറില്ല” എന്നായിരുന്നു നിര്‍മലയുടെ പ്രതികരണം.

Read More: ആശ്വാസ കരുതൽ; ആര്‍ബിഐയുടെ 1.76 ലക്ഷം കോടി കരുതല്‍ ധനം കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നു
‘സ്വയം സൃഷ്ടിച്ച സാമ്പത്തിക ദുരന്തം എങ്ങനെ പരിഹരിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും. ആര്‍.ബി.ഐയില്‍ നിന്നും പിടിച്ചെടുക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ല. വെടിയുണ്ടകൊണ്ടുള്ള മുറിവില്‍ ബാന്റ് എയ്ഡ് ഒട്ടിക്കുന്നതുപോലെയാണത്’ എന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ആര്‍ബിഐയുടെ കരുതല്‍ ധനശേഖരമായ 1.76 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് നല്‍കുന്നത്. മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ സമിതിയുടെ റിപ്പോര്‍ട്ട് ആര്‍ബിഐ അംഗീകരിച്ചു. റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയ റിസര്‍വ് ബാങ്ക് കരുതല്‍ ധനശേഖരമായ 1,76,051 കോടി രൂപയാണ് സര്‍ക്കാരിന് നല്‍കുക. രാജ്യത്തെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ സുപ്രധാന തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഇതോടെ മാര്‍ച്ചിനകം കേന്ദ്രസര്‍ക്കാരിന് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും 64 ശതമാനം അധികം തുക റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook