ന്യൂഡൽഹി: ഇന്ദിര ഗാന്ധിക്ക് ശേഷം പാര്‍ലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി നിർമല സീതാരാമന്‍. മുഴുവന്‍ സമയ ധനകാര്യ മന്ത്രിയായി ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതയുമാണ് നിർമല സീതാരാമന്‍. പ്രധാനമന്ത്രിയായിരിക്കെയാണ് ഇന്ദിര ഗാന്ധി ബജറ്റ് അവതരണം നടത്തിയത്.

ഇന്ത്യയുടെ ആദ്യ മുഴുവന്‍ സമയ വനിതാ ധനകാര്യമന്ത്രിയായി മകള്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അത് നേരില്‍ കാണാന്‍ സാവിത്രിയും നാരായണന്‍ ശിവരാമനും എത്തി. ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു നിർമല സീതാരാമന്റെ അച്ഛൻ നാരായണൻ സീതാരാമൻ. രവിലെ പതിനൊന്ന് മണിക്ക് മുമ്പ് തന്നെ മാതാപിതാക്കൾ പാർലമെന്റിലെത്തി. ഇരുവരുടെയും അനുഗ്രഹം വാങ്ങിയ ശേഷമാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ പോയത്.

ധനമന്ത്രാലയത്തിന്റെ ചുമതല മാത്രം പൂര്‍ണമായും ഒരു വനിത വഹിക്കുന്നത് ഇത് ചരിത്രത്തില്‍ ആദ്യമായാണ്. അതുകൊണ്ട് തന്നെ ഈ ബജറ്റിന് ഏറെ പ്രത്യേകതകളുണ്ട്. അതേസമയം, പാര്‍ലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയാണ് നിർമല സീതാരാമന്‍. ഇന്ദിര ഗാന്ധിയാണ് ഇന്ത്യയുടെ ബജറ്റ് അവതരിപ്പിച്ച ആദ്യത്തെ വനിത.

ഇന്ദിര ഗാന്ധിക്കു ശേഷം ധനവകുപ്പ് കൈകാര്യം ചെയ്യുന്ന വനിതാ മന്ത്രിയെന്ന നേട്ടമാണ് നിർമല സീതാരാമൻ സ്വന്തമാക്കിയത്. നേരത്തെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ധനകാര്യ വകുപ്പ് കൂടി ഇന്ദിര ഗാന്ധി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ആദ്യമായാണ് ധനകാര്യ വകുപ്പിന് മാത്രമായി ഒരു വനിതാ മന്ത്രിയെ ചുമതലപ്പെടുത്തുന്നത്. 1970-1971 കാലഘട്ടത്തിലാണ് ധനകാര്യ വകുപ്പ് ഇന്ദിര ഗാന്ധി കൈകാര്യം ചെയ്തത്.

Read Also: മുഴുവന്‍ സമയ വനിതാ ധനമന്ത്രിയുടെ ആദ്യ ബജറ്റ്; ചരിത്രമാകാന്‍ നിര്‍മ്മല സീതാരാമന്‍

ഇതിന് മുൻപ് നിർമല സീതാരാമൻ കൈകാര്യം ചെയ്തിരുന്നത് പ്രതിരോധ വകുപ്പാണ്. അവിടെയും ഇന്ദിരയ്ക്ക് ശേഷം നിർമ്മല തന്നെ. പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇന്ദിര ഗാന്ധി പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് പ്രതിരോധ വകുപ്പിന് മാത്രമായി ഒരു വനിത മന്ത്രിയെ കഴിഞ്ഞ തവണ പ്രഖ്യാപിച്ചത്. മനോഹർ പരീക്കറിന് ശേഷമാണ് നിർമല സീതാരാമൻ കഴിഞ്ഞ തവണ പ്രതിരോധ വകുപ്പ് ഏറ്റെടുത്തത്. ഇന്ദിരയ്ക്ക് ശേഷം ഈ രണ്ട് മന്ത്രാലയങ്ങളുടെയും ചുമതലയുള്ള സൂപ്പർ ലേഡിയായിരിക്കുകയാണ് നിർമല സീതാരാമൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook