മധുര: നിർമ്മൽ ചിട്ടിഫണ്ട് ഉടമ നിർമ്മൽ കൃഷ്‌ണ മധുര കോടതിയിൽ കീഴടങ്ങി. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് നിർമ്മലൻ കൃഷ്ണ മധുര കോടതിയിൽ കീഴടങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. ഇതറിഞ്ഞ് തമിഴ്നാട് -കേരള ക്രൈംബ്രാഞ്ച് സംഘം കോടതി പരിസരത്ത് ഉണ്ടായിരുന്നു. ആയിരം കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ നിർമ്മലനെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ തട്ടിപ്പിന്റെ കൃത്യമായ വിവരം പൊലീസിന് ലഭ്യമാകൂ. മധുര കോടതിയിൽ ഹാജരായ നിർമ്മലന് വൻ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

നേരത്തെ നിർമലൻ മുൻകൂർ ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ കോടതിയിലും തമിഴ്നാട് ഹൈക്കോടതിയിലെ മധുര ബെഞ്ചിനേയും സമീപിച്ചിരുന്നു. കേസിൽ ആകെ 22 പ്രതികളാണ് ഉള്ളത്. ഇതിൽ അഞ്ച് പേരെ അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു.

പതിനായിരത്തോളം നിക്ഷേപകരിൽനിന്ന് 600 കോടി രൂപ നിർമൽ കൃഷ്ണ ചിട്ടിക്കന്പനി പിരിച്ചെടുത്തിട്ടുണ്ടെന്നാണ് ആരോപണം. ഇവരിൽ നാലായിരത്തോളം പേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്. പരാതികളുടെ അടിസ്ഥാനത്തിൽ 300 കോടി രൂപയുടെ തട്ടിപ്പു കണ്ടെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ