ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ നിർഭയ കേസിൽ സുപ്രീം കോടതി വിധി ഇന്ന് പ്രഖ്യാപിക്കും. പ്രതികൾക്ക് വധശിക്ഷ നൽകിയ വിധിക്കെതിരായ അപ്പീലിന് മേലാണ് സുപ്രീംകോടതിയുടെ വിധി പറയുക. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സി നാഗപ്പന്‍, ജസ്റ്റിസ് ആര്‍ ഭാനുമൂര്‍ത്തി എത്തിവരാണ് നിര്‍ഭയക്കേസ് കുറ്റവാളികളുടെ അപ്പീല്‍ പരിഗണിക്കുന്നത്.

ഒന്നാം പ്രതി വിചാരണക്കാലയളവിൽ തിഹാർ ജയിലിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു.നാലു പ്രതികൾക്കു വിചാരണക്കോടതി വധശിക്ഷ വിധിക്കുകയും ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിചാരണ കോടതിയുടെ ഉത്തരവില്‍ പോരായ്മകളുണ്ടെന്നും വധശിക്ഷ വിധിക്കുന്നതിനു മുന്‍പ് പാലിക്കേണ്ട ചട്ടങ്ങള്‍ പാലില്ലെന്നും കാണിച്ചാണ് വധശിക്ഷ റദ്ദാക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്നകാര്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി 2 അമിക്കസ് ക്യൂറിമാരെ നിയമിച്ചിരുന്നു.

2012 ഡിസംബര്‍ 12 നാണ് രാജ്യത്തെ നടുക്കിയ ബലാത്സംഗം നടന്നത്. സുഹൃത്തിനോടൊപ്പം സഞ്ചരിക്കവെയാണ് ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയായ 23 കാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. നിര്‍ഭയക്കേസ് പ്രതികളില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെട്ടിരുന്നു. വിദ്യാര്‍ത്ഥിനിയെ ഏറ്റവും സാരമായി ഉപദ്രവിച്ചത് ഇയാളാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ പ്രായ പൂർത്തിയാകാത്ത യുവാവിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയുരുന്നു. നിര്‍ഭയ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ആളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ദില്ലിയില്‍ നിന്നും അകലെയുള്ള തട്ടുകടയിലെ പാചകക്കാരനായി ജോലി ചെയ്യുകയാണെന്ന വിവരം മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ