ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട ബലാത്സംഗം കേസിലെ പ്രതികളില്‍ ഒരാള്‍ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളാന്‍ ശക്തമായി ശുപാര്‍ശ ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍. പ്രതികളില്‍ ആരം തന്നെ ഒരു കാരണവശാലം ദയ അര്‍ഹിയ്ക്കുന്നില്ലെന്ന് ഹര്‍ഹി തള്ളിയ ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണത്തിനാണ് ഡല്‍ഹി സര്‍ക്കാര്‍ മറുപടി നല്‍കിയത്. ആഭ്യന്തരമന്ത്രാലയം ദയാഹര്‍ജി നിരസിക്കാന്‍ ശുപാര്‍ശ ചെയ്ത് രാഷ്ട്രപതിക്ക് കൈമാറും.
ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങളില്‍ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാന്‍ മാതൃകാപരമായ ശിക്ഷ നല്‍കേണ്ട സാഹചര്യമാണിതെന്ന് ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജെയിന്‍ ശുപാര്‍ശയില്‍ പറഞ്ഞു. പ്രതികളിലൊരാളായ വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശ. ഇയാള്‍ നല്‍കിയ ദയാഹര്‍ജി പരിഗണിക്കാന്‍ പോലും അര്‍ഹത ഇല്ലാത്തതാണെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ മറുപടി.
ഇത് ഏറ്റവും നീചമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാണിച്ച ഡല്‍ഹി ആഭ്യന്തര മന്ത്രി കേസില്‍ കടുത്ത ശിക്ഷ നല്‍കുന്നത് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് മറ്റുള്ളവരെ വിലക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദയാഹര്‍ജിയില്‍ ഒരുതരത്തിലുള്ള ആനൂകൂല്യവും നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യം ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹര്‍ജി ആഭ്യന്തര മന്ത്രാലയത്തിലേക്കും തുടര്‍ന്ന് രാഷ്ട്രപതിക്ക് മുമ്പാകെയുമാണ് സമര്‍പ്പിക്കപ്പെടുക. 2012ലെ കൂട്ട ബലാത്സംഗക്കേസ് ദയാഹര്‍ജി തള്ളിക്കളയാന്‍ തക്കതായ കേസാണെന്ന് നേരത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യഗോപാല്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഇക്കാര്യം വ്യക്തമാക്കി ഇന്നലെ രാത്രിയോടെ ഫയല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാള്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. അക്ഷയ് താക്കൂര്‍(33) വിനയ് ശര്‍മ (33), വപന്‍ ഗുപ്ത(24), മുകേഷ് സിംഗ്(31)എന്നിവരാണ് കേസിലെ പ്രതികള്‍. ആഭ്യന്തരമന്ത്രാലയം ഈ ആഴ്ചതന്നെ നടപടികള്‍ പൂര്‍ത്തിയാക്കി ദയാഹര്‍ജി തള്ളാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യും. നിലവില്‍ തീഹാര്‍ ജയിലിലാണ് വിനയ് ശര്‍മ്മ. അതേസമയം മറ്റു പ്രതികളായ മുകേഷ്, അക്ഷയ് കുമാര്‍ എന്നിവര്‍ ദയാഹര്‍ജി നല്‍കാന്‍ തയ്യാറായിട്ടില്ല.
2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിന് അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.