ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദി ആരോപണം ഉയർന്നശേഷം സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുത്തതിന്റെ ചിത്രം പുറത്ത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

നീരവ് മോദിക്കെതിരെ ജനുവരി 31 ന് എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനു മുൻപുതന്നെ ഇയാൾ ഇന്ത്യ വിട്ടു. എഫ്ഐആർ തയ്യാറാക്കുന്നതിന് ഒരാഴ്ച മുൻപുതന്നെ ദാവോസിലെത്തി. നരേന്ദ്ര മോദിക്കൊപ്പം ചിത്രമെടുത്തു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

നരേന്ദ്ര മോദി ദാവോസ് സന്ദർശിച്ചപ്പോൾ ഒപ്പം ഉണ്ടായിരുന്ന വ്യവസായ സംഘത്തിൽ നീരവ് മോദിയും ഉണ്ടായിരുന്നു. പിന്നീട് പ്രധാനമന്ത്രിക്ക് ഒപ്പം എടുത്ത ചിത്രത്തിലും നീരവ് ഉണ്ടായിരുന്നു. ജനുവരി 23 നാണ് ഈ സംഭവം നടന്നത്. ജനുവരി 31 നാണ് നീരവിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ജനുവരി 31ന് എഫ്ഐആർ രേഖപ്പെടുത്തിയ ഒരു കേസിൽ ജനുവരി 23 ന് എങ്ങനെ നീരവ് പ്രധാനമന്ത്രിക്കൊപ്പം ദാവോസിലേക്ക് പോയി. ഇതിലാണ് കോൺഗ്രസും സിപിഎമ്മും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, പിഎൻബിയിൽനിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് ഇന്ത്യ വിട്ടതായാണ് സൂചന. മുംബൈയും സൂറത്തും ഡ‍ൽഹിയുമടക്കമുള്ള 13 സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇന്ത്യൻ പാസ്പോർട്ടിനു പുറമെ നീരവിന്റെ കൈവശം ബെൽജിയം പാസ്പോർട്ടും ഉണ്ടായിരുന്നു. ഇതുപയോഗിച്ച് ഇയാൾ രാജ്യം വിട്ടിരിക്കാമെന്നാണ് നിഗമനം.

വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റർ ഓഫ് കംഫർട്) രേഖകൾ ഉപയോഗിച്ചായിരുന്നു നീരവ് തട്ടിപ്പ് നടത്തിയതെന്നാണു നിഗമനം. പിഎൻബിയുടെ ജാമ്യത്തിന്റെ ബലത്തിൽ വിദേശത്തെ ബാങ്കുകളിൽ നിന്നു വൻതോതിൽ പണം പിൻവലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതോടെയാണ് ബാധ്യത ജാമ്യം നിന്ന പിഎൻബിക്കായത്.

നീരവ് മോദി, ഭാര്യ ആമി, സഹോദരൻ നിഷാൽ, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുൽ ചിന്നുഭായ് ചോക്സി എന്നിവർ പിഎൻബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയെടുത്തിരുന്നു. ഈ കേസ് ഈ മാസം അഞ്ചിന് സിബിഐ ഏറ്റെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടു ബാങ്ക് നടത്തിയ പരിശോധനയിലാണ് നീരവ് മോദിയുടെ 11,346 കോടിയുടെ ക്രമക്കേടുകൾ പുറത്തുവന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പുകളില്‍ ഒന്നാണ് നീരവ് മോദി നടത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ