ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും കോടികളുടെ വായ്‌പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനിൽ ആഡംബര ജീവിതം നയിക്കുന്നതായി ദി ടെലഗ്രാഫ് റിപ്പോർട്ട്. ലണ്ടനിലെ വെസ്റ്റ് എൻഡിലെ ആഡംബര അപ്പാർട്മെന്റിലാണ് നീരവ് മോദിയുടെ താമസമെന്നും അവിടെ ഡയമണ്ട് ബിസിനസ് നടത്തുകയാണെന്നും ദി ടെലഗ്രാഫിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
നീരവ് മോദിയുടെ വീഡിയോ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രം പുറത്തുവിട്ടു. ഏകദേശം 9 ലക്ഷം രൂപ വില വരുന്ന ജാക്കറ്റാണ് നീരവ് മോദി ധരിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടർ ചോദിക്കുന്ന ഓരോ ചോദ്യത്തിനും ‘ഒന്നും പറയാനില്ല’ എന്നു പറഞ്ഞ് നീരവ് മോദി ഒഴിഞ്ഞു മാറി.
Read: നീരവ് മോദിയുടെ ആഡംബര ബംഗ്ലാവ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകർത്തു
യുകെ സർക്കാരിന്റെ ഡിപ്പാർട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻ നീരവ് മോദിക്ക് ‘നാഷണൽ ഇൻഷുറൻസ് നമ്പർ’ നൽകിയതായാണ് യുകെ സർക്കാർ വൃത്തങ്ങളിൽനിന്നും ദി ടെലഗ്രാഫിന് ലഭിച്ച വിവരമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതു ലഭിക്കുന്നയാൾക്ക് ഓൺലൈൻ ബാങ്ക് ഇടപാടുകൾ നടത്തുന്നതിന് തടസമില്ല. ഇതിനെക്കുറിച്ച് റിപ്പോർട്ടർ ചോദിച്ചപ്പോഴും ഒന്നും പറയാനില്ലെന്നായിരുന്നു നീരവ് മോദിയുടെ മറുപടി.
Exclusive: Telegraph journalists tracked down Nirav Modi, the billionaire diamond tycoon who is a suspect for the biggest banking fraud in India's historyhttps://t.co/PpsjGeFEsy pic.twitter.com/v3dN5NotzQ
— The Telegraph (@Telegraph) March 8, 2019
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 13,600 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയാണ് 2018 ജനുവരിയിൽ നീരവ് മോദിയും അമ്മാവൻ മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടത്. തട്ടിപ്പ് പുറത്തുവരുന്നതിന് ഏതാനും ദിവസം മുൻപാണ് ഇവർ രാജ്യം വിട്ടത്. മോദി യുകെയിലും ചോക്സി ആന്റിഗയിലും ഉണ്ടെന്നാണ് വിവരം.