ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദി കനേഡിയന്‍ പൗരന് വ്യാജ വജ്രമോതിരങ്ങള്‍ വിറ്റതായി റിപ്പോര്‍ട്ട്. 2,00000 അമേരിക്കന്‍ ഡോളര്‍ വില വരുന്ന (ഏകദേശം 1 കോടി 50 ലക്ഷം രൂപ) മോതിരങ്ങളാണെന്ന് കാണിച്ചാണ് യുവാവിന് നീരവ് മോദി മോതിരങ്ങള്‍ വിറ്റത്. പോള്‍ അല്‍ഫോണ്‍സ് എന്ന യുവാവാണ് തട്ടിപ്പിന് ഇരയായതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നീരവ് മോദി ഇന്ത്യയിലെ തട്ടിപ്പുകാരനാണെന്ന് അറിയാതെയാണ് പോള്‍ മോതിരം വാങ്ങിയത്. അതേസമയം, മോതിരം വ്യാജമാണെന്ന് അറിഞ്ഞതോടെ യുവാവിന് സ്വന്തം കാമുകിയെ നഷ്ടമായി. ഇത് യുവാവിനെ വിഷാദത്തിലേക്ക് തളളി വിട്ടതായും വിവരമുണ്ട്.
കാമുകിയോട് വിവാഹ വാഗ്‌ദാനം നടത്താനാണ് ഹോങ്കോങ്ങിൽ വച്ച് പോള്‍ മോതിരം വാങ്ങിയത്. മോതിരം വ്യാജമാണെന്ന് യുവതി തിരിച്ചറിഞ്ഞതോടെ യുവാവിന് ഇത് തിരികെ നല്‍കി തന്നെ വഞ്ചിച്ചെന്ന് കരുതി വഴക്കിടുകയായിരുന്നു. 2012 മുതല്‍ നീരവ് മോദിയെ പോളിന് അറിയാമായിരുന്നു. തുടര്‍ന്ന് പലപ്പോഴും നേരിട്ട് കണ്ട് ഇരുവരുടേയും ബന്ധം വളര്‍ന്നു. ഒരു പണമിടപാട് സ്ഥാപനത്തിലെ സിഇഒ ആയ തനിക്ക് പിന്നീട് നീരവുമായി കുറച്ച് വര്‍ഷക്കാലം ബന്ധമൊന്നും ഇല്ലായിരുന്നുവെന്ന് പോള്‍ വ്യക്തമാക്കി.
ഈ വര്‍ഷം ഏപ്രിലിലാണ് നീരവിന്റെ തട്ടിപ്പിനെ കുറിച്ച് ഒന്നും അറിയാതിരുന്ന പോള്‍ കാമുകിയ്ക്ക് കൊടുക്കാനായി ഒരു പ്രത്യേക വിവാഹനിശ്ചയ മോതിരത്തിന് ആവശ്യപ്പെട്ടത്. ഒരു ലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു പോളിന്റെ ബജറ്റ്. എന്നാല്‍ 1,20,000 ഡോളറിന്റെ 3.2 കാരറ്റ് ഡി കളര്‍, വിവിഎസ് 1 ഉയര്‍ന്ന മൂല്യമുളള വജ്രമോതിരം തരാമെന്നാണ് നീരവ് അറിയിച്ചത്. ‘ഏതൊരു മനുഷ്യന്റേയും ജീവിതത്തിലെ ഏറ്റവും വിശിഷ്ടമായൊരു സാധനം വാങ്ങുമ്പോള്‍ എന്നെ ഓര്‍ത്തതിന് നന്ദി,’ എന്ന കുറിപ്പാണ് നീരവ് അന്ന് പോളിന് അയച്ചത്.
ഈ മോതിരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ഇഷ്ടമായതോടെ പോളിന്റെ കാമുകി മറ്റൊരു മോതിരം കൂടി വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് 2.5 കാരറ്റ് ഓവല്‍ വജ്രമോതിരവും വാങ്ങിയത്. ഇതിന് 80,000 ഡോളറായിരുന്നു കൊടുത്തിരുന്നത്. ഒരു ഹോങ്കോങ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് നല്‍കിയതോടെ നീരവ് മോദിയുടെ സഹായിയായ അരി എന്നയാള്‍ ജൂണില്‍ മോതിരം എത്തിച്ച് നല്‍കി.
രണ്ട് മോതിരവും നല്‍കി പോള്‍ കാമുകിയോട് വിവാഹാഭ്യര്‍ത്ഥനയും നടത്തി. തുടര്‍ന്ന് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. എന്നാല്‍ മോതിരം ഇന്‍ഷൂര്‍ ചെയ്യാനുളള സര്‍ട്ടിഫിക്കറ്റുകള്‍ നീരവ് മോദി എത്തിച്ച് നല്‍കിയില്ല. നിരവധി തവണ ഇ-മെയില്‍ വഴി സര്‍ട്ടിഫിക്കറ്റിന് ആവശ്യപ്പെട്ടെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.
ഓഗസ്റ്റില്‍ പോളിന്റെ പ്രതിശ്രുതവധു ഒരു ജുവലറിയില്‍ മോതിരത്തിന്റെ മൂല്യം അറിയാനായി എത്തി. ഇവിടെ നിന്നാണ് മോതിരത്തിന്റെ കല്ലുകള്‍ വ്യാജമാണെന്ന് അറിയുന്നത്. ‘അവള്‍ എന്നോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അത് അസാദ്ധ്യമായ കാര്യമാണെന്നാണ് ഞാന്‍ പറഞ്ഞത്. കാരണം 2 ലക്ഷം ഡോളറാണ് ആ മോതിരം വാങ്ങാന്‍ ഞാന്‍ ചെലവഴിച്ചത്. നീരവാണ് എനിക്ക് അത് തന്നത്. അത് വ്യാജമാവാന്‍ വഴിയില്ല,’ പോള്‍ പറഞ്ഞു. നീരവ് മോദി ഇന്ത്യയില്‍ തട്ടിപ്പ് നടത്തിയെന്ന വാര്‍ത്ത അറിഞ്ഞതോടെയാണ് താനും തട്ടിപ്പിന് ഇരയായതായി പോള്‍ തിരിച്ചറിഞ്ഞത്.
‘വലിയ ഇടപാടുകള്‍ നടത്തുമ്പോള്‍ ഞാന്‍ പലപ്പോഴും നന്നായി ശ്രദ്ധിക്കാറുണ്ട്. കൂടാതെ നീരവ് മോദിയുമായാണ് ഞാന്‍ ഇടപാട് നടത്തിയത്. ലക്ഷക്കണക്കിന് മൂല്യത്തിന്റെ ആസ്തിയുളള ഒരാള്‍ കുറച്ച് ഡോളറിന് വേണ്ടി എന്നെ പറ്റിക്കുമെന്ന് ഞാന്‍ കരുതിയില്ല,’ പോള്‍ പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം കാമുകി തന്നെ വിട്ട് പോയതായി പോള്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ രണ്ട് പേര്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയാത്ത നിലയിലായിരുന്നു കാര്യങ്ങള്‍. അവള്‍ക്ക് അപ്പോഴും കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മിടുക്കനായ ഒരാളായ എന്റെ കൈയ്യില്‍ നിന്നും ഇത്ര വലിയൊരു തുക എങ്ങനെ ഒരാള്‍ക്ക് എളുപ്പത്തില്‍ തട്ടാന്‍ കഴിയുമെന്നാണ് അവള്‍ ചോദിച്ചത്’, പോള്‍ പറഞ്ഞു.
ഇതിന് ശേഷം താന്‍ വിഷാദ അവസ്ഥയിലായിരുന്നെന്നും പോള്‍ വ്യക്തമാക്കി. ഇത് അറിയിച്ച് നീരവിന് അദ്ദേഹം മെയില്‍ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ പോള്‍ നീരവിനെതിരെ കാലിഫോര്‍ണിയ സുപ്പീരിയര്‍ കോടതിയില്‍ 4.2 മില്യണ്‍ ഡോളറിന്റെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.