മുംബൈ: അറസ്റ്റിലായ വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ പെയിന്റിങ് ശേഖരം ആദായ നികുതി വകുപ്പ് ലേലം ചെയ്തു. 68 പെയിന്റിങ്ങുകള്‍ ലേലം ചെയ്തതു വഴി 60.9 കോടി രൂപയാണ് ലഭിച്ചത്.

സാഫ്രോണ്‍ ആര്‍ട്ടാണ് ലേലത്തിന് ചുക്കാന്‍ പിടിച്ചത്. രാജാ രവിവര്‍മ്മയുടെയും വി.എസ്.ഗെയ്‌ത്തോഡിന്റെയും അത്യപൂര്‍വമായ പെയിന്റിങ്ങുകള്‍ നീരവ് മോദിയുടെ ശേഖരത്തിലുണ്ടായിരുന്നു. ഗെയ്‌ത്തോഡിന്റെ എണ്ണച്ചായ ചിത്രത്തിനാണ് കൂടുതല്‍ വില ലഭിച്ചത്. 25.24 കോടി രൂപ.

Read: ഇന്ത്യ തിരയുന്ന നീരവ് മോദി ലണ്ടനിൽ; വീഡിയോ പുറത്ത്

രാജാ രവിവര്‍മ്മയുടെ ചിത്രം 16.1 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ബെക്കിങ്ഹാമിലെ മൂന്നാമത്തെ ആര്‍ച്ച് ഡ്യൂക്കിനെ തിരുവിതാംകൂര്‍ മഹാരാജാവും അദ്ദേഹത്തിന്റെ ഇളയ സഹോദരനും ചേര്‍ന്ന് സ്വാഗതം ചെയ്യുന്നതായിരുന്നു ചിത്രം. 1881ലാണ് ഇത് വരച്ചത്. 12 മുതല്‍ 18 കോടി രൂപ വരെയാണ് ഇതിന് പ്രതീക്ഷിച്ചിരുന്നത്.

കണക്കുകൂട്ടിയതിനേക്കാള്‍ കൂടിയ വിലയ്ക്കാണ് ചിത്രങ്ങള്‍ ലേലത്തില്‍ പോയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ‘മുപ്പത് മുതല്‍ 50 കോടി രൂപ വരെ ലഭിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്,’ സാഫ്രോണ്‍ ആര്‍ട്ട് സഹസ്ഥാപകനും സിഇഒയുമായ ദിനേഷ് വസിരാണി പറഞ്ഞു. 54.84 കോടി രൂപയാണ് ആദായ നികുതി വകുപ്പിന് ലേലത്തുകയില്‍ നിന്നും ലഭിക്കുക.

മുംബൈ സ്‌പെഷ്യല്‍ കോടതിയുടെ അനുമതി പ്രകാരമാണ് ആദായ നികുതി വകുപ്പ് നീരവ് മോദിയുടെ പെയിന്റിങ് ശേഖരം ലേലം ചെയ്തത്. മാര്‍ച്ച് 15 മുതല്‍ 25 വരെ പൊതുജനത്തിന് കാണാനായി പെയിന്റിങ്ങുകള്‍ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തിരുന്നു. എട്ട് കോടി രൂപ മുതലാണ് ലേലം ആരംഭിച്ചത്.

Read More: നീരവ് മോദിക്ക് ജാമ്യമില്ല; മാർച്ച് 29 വരെ കസ്റ്റഡിയിൽ വിട്ടു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടി വായ്പയെടുത്താണ് നീരവ് രാജ്യം വിട്ടത്. 17 മാസത്തിന് ശേഷമാണ് നീരവ് മോദി പൊലീസ് പിടിയിലായത്. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് അറസ്റ്റ് നടന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് എന്‍ഫോഴ്‌സ്‌മെന്റ് നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. യുകെ ആഭ്യന്തരസെക്രട്ടറി സജീദ് ജാവേദ് അപേക്ഷയില്‍ ഒപ്പുവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook