ന്യൂഡല്‍ഹി : ‘ഭാവിയെക്കുറിച്ച് ഒരു ഉറപ്പുമില്ല’ എന്ന് പറയുന്ന ഇ മെയില്‍ സന്ദേശത്തില്‍ തന്‍റെ സ്ഥാപനങ്ങളിലെ ജീവനക്കാരോട് ഇനി ശമ്പളം തരാനാകില്ല എന്നറിയിക്കുകയും മറ്റ് ജോലി തേടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് വിവാദ വജ്രവ്യാപാരിയായ നീരവ് മോദി. ചൊവ്വാഴ്ചയാണ് നീരവ് മോദിയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഇങ്ങനെയൊരു ഇ മെയില്‍ സന്ദേശം ലഭിച്ചത്.

അന്വേഷണ ഏജന്‍സികളും ആദായ നികുതി വകുപ്പും സ്വത്തുക്കളും ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടുന്ന സാഹചര്യത്തിലാണ് നീരവ് മോദിയുടെ ഇ മെയില്‍ സന്ദേശം. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,400 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് നീരവ് മോദിക്കെതിരെ അന്വേഷണം നടക്കുന്നത്.

ജനുവരി ഒന്നാം തീയ്യതി ഇന്ത്യ വിട്ട നീരവ് ഇപ്പോള്‍ എവിടെയാണ് എന്നതിനെക്കുറിച്ച് ആര്‍ക്കും വിവരമില്ല.

” ഇന്ന് വരെയുള്ള സാഹചര്യത്തില്‍, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ഫാക്റ്ററികളില്‍ നിന്നും ഷോറൂമുകളില്‍ നിന്നും സ്റ്റോക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. ഇതിനാല്‍ തന്നെ ബാങ്കില്‍ അവശേഷിക്കുന്ന കടം വീട്ടാനുള്ള വകുപ്പുകള്‍ ഒന്നുമില്ല. നിങ്ങളുടെ പണം തിരിച്ചടക്കാനും എനിക്ക് വകുപ്പില്ല. അതിനാല്‍ തന്നെ നിങ്ങള്‍ മറ്റ് ജോലികള്‍ നോക്കുന്നതായിരിക്കും അനുയോജ്യം.” ജീവനകാര്‍ക്ക് അയച്ച സന്ദേശത്തില്‍ നീരവ് മോദി വിവരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പണമിടപാടുമായി ബന്ധപ്പെട്ട് കുറ്റമാരോപിക്കപ്പെട്ട ശേഷം മോദിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന രണ്ടാമത്തെ സന്ദേശമാണ് ഇത്. ഫിബ്രവരി പതിനഞ്ചിന് വന്ന ആദ്യത്തെ കത്തില്‍ മോദി പഞ്ചാബ് നാഷണല്‍ ബാങ്കിനെ കുറ്റപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ