ന്യൂഡല്‍ഹി: ആയിരത്തോളം കോടി രൂപയുടെ തട്ടിപ്പാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അരങ്ങേറിയത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 11,400 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് കണക്ക്. ഇങ്ങനെയുള്ള കണക്കുകള്‍ക്കൊപ്പം പുറത്തുവരുന്നതായ മറ്റൊരു വിരോധാഭാസം കൂടിയുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിന് ലഭിച്ച മികച്ച ബാങ്കിങ്ങിനുള്ള വിജിലന്‍സ് പുരസ്കാരങ്ങളാണത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ മൂന്ന് പുരസ്കാരങ്ങളാണ് പിഎന്‍ബിയെ തേടിയെത്തിയത്.

വജ്രവ്യാപാരിയായ നീരവ് മോദിയും മെഹുല്‍ ചോക്സിയും ജീവനക്കാരുടെ സഹായത്തോടെ കോടികളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനത്തെയാണ് വിജിലന്‍സ് പുരസ്കാരം നല്‍കി അംഗീകരിച്ചത്.

നീരവ് മോദിയുടെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ള കമ്പനികളുമായി പഞ്ചാബ് നാഷണല്‍ ബാങ്ക് 293 കരാറിലെത്തിയ 2017ലാണ് ബാങ്കിനെ തേടി വിജിലന്‍സിന്‍റെ രണ്ടു പുരസ്കാരങ്ങള്‍ എത്തിയത്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ കെ.വി.ചൗധരിയായിരുന്നു അന്ന്‍ പുരസ്കാരം നല്‍കിയത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് എന്റര്‍പ്രൈസില്‍ നിന്നും പഞ്ചാബ് നാഷണല്‍ ബാങ്കിന് ലഭിച്ച പുരസ്കാരം ( പിഎന്‍ബി വെബ്സൈറ്റില്‍ നിന്ന്)

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ രണ്ടാം വാരത്തിലായിരുന്നു മറ്റൊരു വിജിലന്‍സ് പുരസ്കാരം. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വ്വകലാശാല കേന്ദ്രമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് എന്റര്‍പ്രൈസ് നടത്തിയ ‘വിജിലന്‍സ് കോണ്‍ക്ലേവിന്‍റെ’ കോര്‍പ്പറേറ്റുകള്‍ക്കായുള്ള വിജിലന്‍സ് പുരസ്കാരമാണ് പഞ്ചാബ് നാഷണല്‍ ബാങ്കിനെ തേടിയെത്തിയത്. പിഎന്‍ബി വിജിലന്‍സ് വിഭാഗം മേധാവി എസ്.കെ.നാഗ്പാലായിരുന്നു അന്ന്‍ കെ.വി.ചൗധരിയില്‍ നിന്നും പുരസ്കാരം കൈപ്പറ്റിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിലെ മുഖ്യ പ്രഭാഷകനും കെ.വി.ചൗധരിയായിരുന്നു.

2017ല്‍ ഡല്‍ഹിയില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ വിജിലന്‍സ് അവബോധ വാരം സംഘടിപ്പിച്ചിരുന്നു. അന്ന് “‘അച്ചടക്ക നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലും’ ‘മികച്ച’ നേട്ടങ്ങൾക്കും” ആണ് പഞ്ചാബ് നാഷണല്‍ ബാങ്കിന് വിജിലന്‍സ് എക്സലന്‍സ് അവാര്‍ഡ് നല്‍കിയത് എന്ന് കമ്മീഷന്‍ വെബ്സൈറ്റില്‍ വിശദീകരിക്കുന്നു. “നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ആകെ അച്ചടക്ക നടപടിയുടെ 92% പൂർത്തിയാക്കിയതിനാണ്” പിഎന്‍ബിയെ തേടി പുരസ്കാരം എത്തിയത്.

2014-15 വര്‍ഷത്തിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് എന്റര്‍പ്രൈസിന്‍റെ വിജിലന്‍സ് പുരസ്കാരം ലഭിച്ചതായി പിഎന്‍ബി വെബ്സൈറ്റ് അവകാശപ്പെടുന്നു. ഇതിനെക്കുറിച്ച് ആരാഞ്ഞ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് എന്റര്‍പ്രൈസ് ഡയറക്ടര്‍ ആർ.കെ.മിശ്രയ്ക്ക് ഇന്ത്യന്‍ എക്‌സ്പ്രസ്സ് അയച്ച ചോദ്യാവലിക്ക് മറുപടി ലഭിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook