ന്യൂഡൽഹി: വജ്ര വ്യാപാരി നീരവ് മോദിയെ വിചാരണയ്ക്കായി ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുകെ കോടതി. മോദിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും അദ്ദേഹത്തിന് “ഇന്ത്യയിൽ ആ കേസിൽ ഉത്തരം നൽകാനുണ്ടെന്നും,” കോടതി വിധിയിൽ പറയുന്നു.
പിഎൻബി വായ്പാ തട്ടിപ്പ് കേസിലും അതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലും മോദിക്കെതിരെ രണ്ട് ക്രിമിനൽ വിചാരണ നടപടികൾ നിലനിൽക്കുന്നുവെന്ന് കോടതി ഉത്തരവിൽ പറയുന്നു. പിഎൻബി വായ്പാ തട്ടിപ്പിൽ സിബിഐ കേസിലാണ് മോദി വിചാരണ നേരിടേണ്ടത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കള്ളപ്പണക്കേസ് രജിസ്റ്റർ ചെയ്തത്.
എൽഒസി (ലെറ്റർ ഓഫ് കംഫർട്ട്) അല്ലെങ്കിൽ വായ്പാ കരാറുകൾ വ്യാജമായി നേടിയെടുക്കുന്നതിലൂടെ പിഎൻബിയിൽ വലിയ രീതിയിൽ തട്ടിപ്പ് നടത്തിയെന്നാണ് സിബിഐ കേസ്. ആ തട്ടിപ്പിന്റെ വരുമാനം കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് ഇഡി കേസ്. യുഎഇ, ഹോങ്കോങ് എന്നിവിടങ്ങൾ ആസ്ഥാനമായുള്ള 15 “ഡമ്മി കമ്പനികൾ” വഴി പിഎൻബി നൽകിയ 6,519 കോടി രൂപയുടെ വഞ്ചനാപരമായ എൽഒയുകളിൽ 4,000 കോടി രൂപ മോദി വെട്ടിപ്പ് നടത്തിയതായി ഇഡി പറയുന്നു.
Read More: പിഎൻബി തട്ടിപ്പ്: നീരവ് മോദിയുടെ സഹോദരനെതിരെ റെഡ് കോർണർ നോട്ടീസ്
മോദി “തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ ഭയപ്പെടുത്താനും ഗൂഢാലോചന നടത്തി”യെന്നും ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിൽ പറയുന്നു. മോദിക്ക് നീതി നിഷേധിക്കപ്പെടുമെന്ന വാദം കോടതി തള്ളി. മുംബൈയിലെ ആർതർ റോഡ് ജയിലിലെ ബാരക് 12 മോദിക്ക് അനുയോജ്യമാണെന്നും ഇന്ത്യയിലേക്ക് കൈമാറിയ ശേഷം അദ്ദേഹത്തിന് നീതി നിഷേധിക്കില്ലെന്നും ഇന്ത്യക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവിൽ ജഡ്ജി പറഞ്ഞു.
നീരവ് മോദിയുടെ “മാനസികാരോഗ്യ ആശങ്കകൾ” ജഡ്ജി തള്ളിക്കളഞ്ഞു. മോദിക്ക് ജയിലിൽ മതിയായ വൈദ്യചികിത്സയും മാനസികാരോഗ്യ സംരക്ഷണവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Read More: നാളെ ഭാരത് ബന്ദ്; കേരളത്തെ ബാധിച്ചേക്കില്ല
സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്ന് രാജ്യം വിട്ട നീരവ് മോദിയുടെ സ്വിസ് ബാങ്കിലെ അക്കൗണ്ടുകള്‍ നേരത്തെ മരവിപ്പിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർഥനയെ തുടര്‍ന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ അക്കൗണ്ട് മരവിപ്പിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തിയ പണം സ്വിസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി സൂചന നല്‍കിയതിനെ തുടര്‍ന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് സ്വിസ് സര്‍ക്കാരിനോട് അക്കൗണ്ട് മരവിപ്പിക്കാന്‍ അഭ്യർഥിച്ചത്.