ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പയായി നീരവ് മോദി തട്ടിയെടുത്ത പണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഇതോടെ തട്ടിപ്പ് തുക 12700 കോടിയായി ഉയർന്നു. തിങ്കളാഴ്ച രാത്രി ഓഹരി വിപണിയിൽ നൽകിയ റിപ്പോർട്ടിലാണ് നീരവ് മോദിയും അദ്ദേഹത്തിന്റെ അമ്മാവൻ മെഹുൽ ചോക്സിയും 1300 കോടി കൂടി തട്ടിയെടുത്തതിന്റെ രേഖകൾ ലഭിച്ചതായി പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചത്.

പഞ്ചാബ് നാഷണൽ ബാങ്ക് നടത്തിയ ആഭ്യന്തര പരിശോധനയിലാണ് ഇത്രയും വലിയ സാമ്പത്തിക തട്ടിപ്പ് പുറത്തെത്തിയത്. വ്യാജ രേഖകൾ സമർപ്പിച്ച് രണ്ട് വജ്രവ്യാപാരികളും ചേർന്ന് വർഷങ്ങളായി ബാങ്കിന്റെ പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇരുവരും ഹാജരാകാതിരുന്നതോടെ കുറ്റക്കാർക്കെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആക്സിസ് ബാങ്ക്, അലഹബാദ് ബാങ്ക്, യൂണിയൻ ബാങ്ക്, യൂകോ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിദേശവായ്പകൾ സംബന്ധിച്ച് മുഴുവൻ രേഖകളും ഹാജരാക്കാൻ സിബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾ സംബന്ധിച്ച് വാർത്തകൾ വന്ന സാഹചര്യത്തിൽ ബാങ്ക് മാനേജ്മെന്റുകളെയും ഓഡിറ്റർമാരെയും അതിരൂക്ഷമായി വിമർശിച്ചാണ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി ഇക്കാര്യത്തിലെ അഭിപ്രായം വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook