ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ രാജ്യം വിട്ട നീരവ് മോദിയെ ലണ്ടനിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണിത്. ഇന്ത്യയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് അറസ്റ്റ്
ലണ്ടനിലെ വെസ്റ്റ് എൻഡിലെ ആഡംബര വസതിയിലായിരുന്നു നീരവ് മോദി താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഇദ്ദേഹത്തെ വെസ്റ്റ് മിൻസ്റ്റർ കോടതിയിൽ ഹാജരാക്കും. ഇന്ത്യയ്ക്ക് കൈമാറിയേക്കാനുളള സാധ്യതകളുണ്ട്.
Read: ഇന്ത്യ തിരയുന്ന നീരവ് മോദി ലണ്ടനിൽ; വീഡിയോ പുറത്ത്
വെസ്റ്റ് എൻഡിൽ 80 ലക്ഷം പൗണ്ടിന്റെ (ഏകദേശം 73 കോടി) അപ്പാർട്ട്മെന്റിലാണ് മോദിയുടെ താമസം. ഇദ്ദേഹത്തിന്റെ മുംബൈ അലിബാഗിലെ ആഡംബര ബംഗ്ലാവ് റവന്യൂ അധികൃതർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തിരുന്നു. കടൽത്തീരത്ത് കൈയേറ്റ ഭൂമിയിലാണ് ബംഗ്ലാവ് പണിതതെന്ന കണ്ടെത്തലിനെ തുടർന്നാണ് ബംഗ്ലാവ് തകർത്തത്. മുംബൈ ഹൈക്കോടതിയാണ് ഉത്തരവിട്ടത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എൻഫോഴ്സ്മെന്റ് നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. യുകെ ആഭ്യന്തരസെക്രട്ടറി സജീദ് ജാവേദ് അപേക്ഷയിൽ ഒപ്പുവച്ചിരുന്നു.