ബെംഗളൂരു: മൂന്ന് നിലയുളള കെട്ടിടത്തിന്റെ ടെറസില്‍ നിന്നും മാതാവ് ഒൻപത് വയസുകാരിയായ മകളെ എറിഞ്ഞു കൊന്നു. ജരഗനഹളളിയിലെ ജെപി നഗറില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടി രക്തം ഒലിപ്പിച്ച് താഴെ കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ സ്ത്രീയെ പിടിച്ചുകെട്ടി മര്‍ദ്ദിച്ചു. 30കാരിയായ സ്വാതി സര്‍ക്കാരിനെ നാട്ടുകാര്‍ പിന്നീട് പൊലീസില്‍ ഏല്‍പ്പിച്ചു.

ആഷിക എന്ന് പേരുളള കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പശ്ചിമബംഗാള്‍ സ്വദേശിനിയാണ് സ്വാതി. ബെംഗളൂരുവില്‍ ഒരു വാടകവീട്ടിലാണ് ഇവര്‍ മകള്‍ക്കൊപ്പം ഒരു വര്‍ഷമായി താമസിക്കുന്നത്. അധ്യാപികയായിരുന്ന സ്വാതി ഭര്‍ത്താവുമായി വേര്‍പ്പെട്ടാണ് മകള്‍ക്കൊപ്പം താമസിക്കുന്നത്. വൈകുന്നേരം 3.30ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവം നടന്നയുടനെ സ്വാതി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് ഇവര്‍ സ്ത്രീയെ ഇലക്ട്രിക് പോസ്റ്റില്‍ പിടിച്ചുകെട്ടിയത്. തന്റെ മകളെ എന്ത് വേണമെങ്കിലും ചെയ്യാനുളള അവകാശമുണ്ടെന്നും ആരും ചോദിക്കേണ്ടെന്നും ഇവര്‍ നാട്ടുകാരോട് പറഞ്ഞതായി പൊലീസ് പറഞ്ഞു. ഒൻപത് വര്‍ഷം മുമ്പാണ് സ്വാതി ഭര്‍ത്താവിനൊപ്പം ബെംഗളൂരുവിലെത്തിയത്.

വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതോടെയാണ് ഇരുവരും ബെംഗളൂരുവിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇരുവരും തമ്മില്‍ തര്‍ക്കമാവുകയും വേര്‍പിരിഞ്ഞ് ജീവിക്കാനും തുടങ്ങി. മകളോടും തന്നോടും സ്വാതി മോശമായി പെരുമാറുണ്ടായിരുന്നെന്ന് ഭര്‍ത്താവ് കാഞ്ചന്‍ പൊലീസിന് മൊഴി നല്‍കി. മകളേയും കൊണ്ട് സ്വാതി ടെറസിലേക്ക് പോകുന്നതും കുട്ടി താഴേക്ക് വീഴുന്നതായും കണ്ടതായി അയല്‍വാസിയായ സ്ത്രീ മൊഴി നല്‍കി. പിന്നാലെ പരുക്കേറ്റ കുട്ടിയെ എടുത്ത് വീണ്ടും ടെറസിന് മുകളിലേക്ക് പോയി രണ്ടാം തവണയും കുട്ടിയെ താഴേക്ക് എറിഞ്ഞതായും ദൃക്സാക്ഷി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ