ന്യൂഡൽഹി: രാജസ്ഥാനില കോട്ട ജെ കെ ലോൺ ആശുപത്രിയിലെ ശിശുമരണം 100 കടന്നു. ഈ മാസം മാത്രം മരിച്ചത് 100 കുഞ്ഞുങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മാത്രം മരിച്ചത് ഒമ്പത് കുഞ്ഞുങ്ങളും.
ജനന സമയത്ത് ഭാരം കുറവായതിനാലാണ് കുട്ടികൾ പ്രധാനമായും മരിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഡിസംബർ 23, 24 ദിവസങ്ങളിൽ 48 മണിക്കൂറിനുള്ളിൽ 10 കുട്ടികളാണ് സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ മരിച്ചത്. ഇത് പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനത്തിന് കാരണമായിട്ടുണ്ട്.
Read Also: ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം: 24 മണിക്കൂറിനുളളില്‍ മരിച്ചത് 16 കുട്ടികള്‍
കോട്ടയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയാണ് ജെ കെ ലോൺ. പീഡിയാട്രിക്സ് ഡിപ്പാർട്ട്‌മെന്റിൽ എല്ലാ ദിവസവും 30-40 പ്രവേശനത്തിന് പുറമെ 200-300 രോഗികൾ ഒപി വിഭാഗത്തിൽ ചികിത്സ തേടുന്നു.
കഴിഞ്ഞ ദിവസം എംപിമാരായ ലോക്കറ്റ് ചാറ്റർജി, കാന്ത കർദാം, ജസ്‌കൗർ മീന എന്നിവരടങ്ങുന്ന ബിജെപി പാർലമെന്ററി സംഘം ആശുപത്രി സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രണ്ട് മൂന്ന് കുട്ടികളെ ഒറ്റ കിടക്കയിൽ കണ്ടെത്തിയതായും ആശുപത്രിയിൽ വേണ്ടത്ര നഴ്‌സുമാർ ഇല്ലെന്നും സമിതി അറിയിച്ചു.
നേരത്തെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ജെ കെ ലോൺ ആശുപത്രിയിൽ അടുത്തിടെയുണ്ടായി വരുന്ന ശിശു മരണത്തിൽ ആശങ്ക പ്രകടിപ്പിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്ത് നൽകി.