ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഇന്നലെ വൈകിട്ട് തീപിടിച്ചത് അനധികൃത പടക്ക സംഭരണ ശാലയ്ക്ക്. സംഭവത്തിൽ ഇതുവരെ 17 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്നലെ വൈകുന്നേരം വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബവാനയിലെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.
തീ പിടുത്തത്തിൽ മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രി പത്ത് മണിക്ക് മുൻപായി കണ്ടെടുത്തിരുന്നു. വൈകുന്നേരമാണ് തീ പിടുത്തം ഉണ്ടായത്. 6.20ന് വിവരം അറിഞ്ഞ ഉടനെ അഗ്നിശമനസേനയുടെ പത്ത് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.
എന്നാൽ കെട്ടിടത്തിൽ നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടന്നിരുന്നു. ഇതാണ് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
പടക്ക സംഭരണ ശാലയിലാണ് തീ ആദ്യം ഉണ്ടായത്. ഈ മൂന്ന് നില കെട്ടിടത്തിൽ 50 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളാണ്. കൂടുതൽ പേരും പൊളളലേറ്റാണ് മരിച്ചതെന്നാണ് അഗ്നിരക്ഷാസേന അറിയിച്ചത്. അതേസമയം ചിലർ ശ്വാസം മുട്ടിയാണ് മരിച്ചതെന്നും റിപ്പോർട്ടുണ്ട്.
ഈ പടക്ക സംഭരണ ശാലയിൽ നിന്ന് വലിയ പാക്കറ്റ് പടക്കങ്ങൾ ചെറിയ യൂണിറ്റുകളാക്കി വിതരണം ചെയ്യുന്നതാണ് പതിവ്. ഇന്നലെ തീ ഉയർന്ന ഉടൻ തന്നെ ചിലർ കെട്ടിടത്തിൽ നിന്ന് പുറത്തുകടന്നിരുന്നു. അകത്ത് കുടുങ്ങിപ്പോയവരാണ് കൊല്ലപ്പെട്ടത്.
പൊലീസിന്റെ അറിവോടെയാണ് പടക്ക സംഭരണ ശാല പ്രവർത്തിച്ചിരുന്നതെന്ന് ബവാന എംഎൽഎ കുറ്റപ്പെടുത്തി. അതേസമയം പടക്ക സംഭരണ ശാലയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാവ്‌നയിലെ സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന് ഡൽഹി ആരോഗ്യമന്ത്രി അറിയിച്ചു. സംഭവത്തെ കുറിച്ച അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ മുംബൈയിലെ ഭക്ഷണശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ സ്ത്രീകൾ ഉൾപ്പടെ പതിനാല് പേർ മരിച്ചിരുന്നു. അതിന് തൊട്ട് പിന്നാലെ ബെംഗളൂരുവിൽ ഭക്ഷണശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചിരുന്നു.