ന്യൂഡൽഹി: പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ താത്കാലികമായി അടച്ച വിമാനത്താവളങ്ങൾ തുറന്നു.  ജമ്മു, ശ്രീനഗർ, ലേ എന്നിവയടക്കം രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളായിരുന്നു താത്കാലികമായി അടച്ചത്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വ്യോമ മാർഗം ആക്രമണ ശ്രമം ഉണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ വ്യോമസേന ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ താവളങ്ങൾ ആക്രമിച്ചതിന് പിന്നാലെ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് സൈനിക നീക്കങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇത്.

Read More: ഇന്ത്യൻ വിങ് കമാൻഡറെ തടവിലാക്കിയ വീഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടു

പഠാൻകോട്ട്, അമൃത്സർ, ഷിംല, കാംഗ്ര, കുളു മണാലി, പിതോരാഗഡ് എന്നിവിടങ്ങളാണ് പ്രവർത്തനം നിർത്തിവച്ച മറ്റ് വിമാനത്താവളങ്ങൾ. “അടിയന്തര സാഹചര്യം കണക്കിലെടുത്ത് അമൃത്സർ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.  കമേഴ്സ്യൽ വിമാനങ്ങൾ അമൃത്സറിലേക്ക് വരുന്നില്ല. ഇവിടെ നിന്നും വിമാനത്താവളങ്ങൾ പുറപ്പെടുന്നും ഇല്ല,” അമൃത്സർ എയർപോർട്ട് ഡയറക്ടർ എപി ആചാര്യയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

പിടിഐയുടെ റിപ്പോർട്ടുകൾ പ്രകാരം ഗുരു രാംദാസ് രാജ്യാന്തര വിമാനതത്താവള ഡയറക്ടർ മനോജ് ഛൻസോരിയ പറഞ്ഞത് അമൃത്സർ എയർപോർട്ടിലേക്ക് വരുന്നതും, ഇവിടെ നിന്ന് പുറപ്പെടുന്നതുമായ എല്ലാ വിമാന സർവീസുകളും നിർത്തിവച്ചെന്നാണ്.

Read Mor: LIVE Updates: ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാക്കിസ്ഥാൻ വിമാനങ്ങളെ സൈന്യം തുരത്തി

ജമ്മു, ശ്രീനഗർ, ലേ എന്നീ വിമാനത്താവളങ്ങളിലേക്ക് പുറപ്പെട്ട ചില വിമാനങ്ങൾ അവ പുറപ്പെട്ട ഇടത്തേക്ക് തന്നെ തിരിച്ച് വിട്ടു.  ഛണ്ഡീഗഡ്, പഠാൻകോട്ട്, ഹൽവാര, ബാത്തിണ്ട വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഛണ്ഡീഗഡിൽ കമേഴ്സ്യൽ സർവീസുകൾ നിർത്തിവച്ചിട്ടില്ല. ഇവിടെ നേരത്തെ സർവീസുകൾ കുറച്ച് സമയം നിർത്തിവച്ചിരുന്നെങ്കിലും പിന്നീട് പുനരാരംഭിച്ചുവെന്ന് പിടിഐ ഛണ്ഡീഗഡ് എയർപോർട്ട് ഡയറക്ടർ സുനീൽ ദത്തിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook