ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്ക രംഗത്ത്. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തോട് യുഎൻ പുലർത്തുന്ന സമീപനം പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്ന് യുഎസ് സ്ഥാനപതിയും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി ആരോപിച്ചു. ഇസ്രയേലിനോട് യുഎന്നിന് വൈരം കലർന്ന സമീപനമാണെന്നും അടിയന്തര രക്ഷാസമിതി യോഗത്തിൽ നിക്കി ഹേലി കുറ്റപ്പെടുത്തി.
അമേരിക്കയുടെ തീരുമാനത്തെ ഇസ്രയേൽ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നതെന്ന് രക്ഷാ സമിതി വിലയിരുത്തി. ട്രംപിന്റെ തീരുമാനം പശ്ചിമേഷ്യൻ മേഖലയിലെ സമാധാനം തകർത്തുവെന്ന് പലസ്തീൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കുറ്റപ്പെടുത്തി. പശ്ചിമേഷ്യൻ മേഖലയിൽ നടക്കുന്ന സംഭവങ്ങളെ മുൻനിർത്തിയായിരുന്നു രക്ഷാസമിതി യോഗത്തിൽ ചർച്ച നടന്നത്. പശ്ചിമേഷ്യൻ സമാധാനത്തിനായി യുഎൻ ശ്രമിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
ബുധാനാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. കൂടാതെ ഇസ്രയേലിലെ അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്നും ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ അമേരിക്കയുടെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനമായി ലോക രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയുടെ നിലപാടിനെതിരെ അറബ് രാജ്യങ്ങളും ചൈന, ബ്രിട്ടണ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. സ്വതവേ കലുഷിതമായ പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക രാജ്യങ്ങള്‍ ഇതിനെ എതിര്‍ക്കുന്നത്.
ബുധനാഴ്ച വൈറ്റ് ഹൈസില്‍ വച്ചായിരുന്നു വിവാദ പ്രഖ്യാപനം നടത്തിയത്. സഖ്യരാഷ്ട്രങ്ങളുടെ അഭിപ്രായം മാനിക്കാതെ ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ട്രംപിന്റെ മുന്‍ഗാമികള്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത ഒരു പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടത്തിയത്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യ രാജ്യം അമേരിക്കയാണ്.
മുസ്ലീം, ക്രിസ്ത്യന്‍, ജൂത മതവിഭാഗക്കാരുടെ വിശുദ്ധ നഗരമായാണ് ജെറുസലേമിനെ കാണുന്നത്. ഇതുകൊണ്ടു തന്നെ ജറുസലേമിന്റെ പദവിയെക്കുറിച്ച് നിലവില്‍ ഇവിടെ തര്‍ക്കങ്ങള്‍ അരങ്ങേറുന്നുണ്ട്. ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ എംബസി അങ്ങോട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് സ്വാമി ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവില്‍ ടെല്‍അവീവിലാണ് ഇന്ത്യയുടെ എംബസി സ്ഥിതി ചെയ്യുന്നത്.