ന്യൂയോർക്ക്: ഒരു സ്ത്രീയാണ് എന്ന ഒരൊറ്റ കാരണത്താല്‍ തന്‍റെ അമ്മയെ ഇന്ത്യയില്‍ ന്യായാധിപയാവാന്‍ അനുവദിച്ചിരുന്നില്ല എന്ന്‍ യുഎസ്സിന്‍റെ യുഎന്‍ സ്ഥാനപതി നിക്കി ഹാലെ. യുഎന്നിലെ വിദേശകാര്യസഭയില്‍ നടന്ന പ്രസംഗത്തിനു ശേഷം സ്ത്രീകളുടെ പങ്കിനെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നിക്കി ഹാലെ.

സ്ത്രീകൾക്ക് അധികം വിദ്യാഭ്യാസം ഇല്ലാതിരുന്ന കാലമായിരുന്നിട്ടും കൂടി  എന്‍റെ അമ്മയ്ക്ക് നിയമവിദ്യാഭ്യാസം ലഭിക്കുകയുണ്ടായി. ഇന്ത്യയിലെ ആദ്യ വനിതാ ന്യായാധിപരില്‍ ഒരാള്‍ ആവേണ്ട ആളായിരുന്നു അമ്മ. എന്നാല്‍ അന്ന് നിലനിന്നിരുന്ന സ്ത്രീകളുടെ സാഹചര്യങ്ങള്‍ കാരണം അവര്‍ക്കത് സാധിച്ചില്ല. എന്നാല്‍ മകള്‍ തെക്കന്‍ കാലിഫോര്‍ണിയ ഗവര്‍ണറും യുഎന്‍ സ്ഥാനപതിയും ആവുന്നത് കാണാന്‍ അവര്‍ക്കു സാധിച്ചു- നിക്കി ഹാലെ പറഞ്ഞു.

നിമ്രത രന്ധാവ എന്ന ഹാലെ 1960കളില്‍ കാനഡയിലേക്കും പിന്നീട് യുഎസിലേക്കും കുടിയേറിയ അജിത്‌ സി രന്ധാവയുടേയും രാജ് കൗര്‍ രന്ധാവയുടെയും മകളാണ്.

“ഞാന്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ മകളായതില്‍ അഭിമാനിക്കുന്നു. ഈ രാജ്യത്ത് വന്നതില്‍ ഞങ്ങള്‍ അനുഗ്രഹീതര്‍ ആണെന്നും വിശ്വസിക്കുന്നു. അമേരിക്കയുടെ ഘടന തന്നെ നിയമപരമായ കുടിയേറ്റങ്ങളിലാണ്. ആ കാഴ്ചപ്പാടോടെ അത് എനിക്ക് പ്രിയപ്പെട്ടതും ഹൃദയത്തോടു ചേര്‍ന്നിരിക്കുന്നതും ആവുന്നു.” കുടിയേറ്റത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ ഹാലെ മറുപടി നല്‍കി.

എന്തിരുന്നാലും ഇന്ത്യയിലെ ആദ്യ വനിതാന്യായാധിപയും ആദ്യ ഹൈക്കോടതി വനിതാന്യായാധിപയും അന്നാ ചാണ്ടിയാണ്.  1937ല്‍ തിരുവിതാംകൂര്‍ മുന്‍സിഫ്‌ ആയാണ് അവരെ നിയമിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook