ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയിലൂടെയുളള രാത്രി കാലത്തെ യാത്രാനിരോധനം തുടരുമെന്ന് കർണാടക. വനമേഖലയിൽ മേൽപ്പാലങ്ങൾ പണിയാനുളള കേന്ദ്രനിർദ്ദേശം കർണ്ണാടകം തളളി. ഇത് പ്രായോഗികമല്ലെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വ്യക്തമാക്കി.

ജൂലൈ പതിനേഴിന് നടന്ന യോഗത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി മേൽപ്പാല പദ്ധതി കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെയും പൊതുമരാമത്ത് മന്ത്രി എച്ച്.ഡി.രേവണ്ണയുടെയും മുന്നിൽ വച്ചത്.  എന്നാൽ ഈ വിഷയത്തിൽ കർണാടകത്തിൽ പ്രതിഷേധം ശക്തമായതോടെ കുമാരസ്വാമി നിലപാട് മാറ്റി.

460 കോടി ചെലവ് വരുന്നതായിരുന്നു ബന്ദിപ്പുർ വനമേഖലയിൽ മേൽപ്പാലം പണിയാനുളള പദ്ധതി. വനസംരക്ഷണത്തിനാണ് ഊന്നലെന്നും സമാന്തരപാത ഉപയോഗിക്കണമെന്നുമുളള പഴയ നിലപാടുകൾ കർണാടകം ആവർത്തിച്ചു. ഈ നിലപാട് സുപ്രീം കോടതിയിലും കർണാടകം വീണ്ടും സ്വീകരിക്കും.

വിവിധ പരിസ്ഥിതി പ്രവർത്തകരും കന്നഡ സംഘടനകളും മുഖ്യമന്ത്രിയെ നേരിൽ കണ്ട് രാത്രിയാത്ര നിരോധനം പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര നിർദ്ദേശം അംഗീകരിക്കേണ്ടി വരുമെന്ന് രേവണ്ണ മന്ത്രിസഭ യോഗത്തിൽ പറഞ്ഞു. പക്ഷെ വനം മന്ത്രി ശങ്കർ ഇതിനെ എതിർത്തു. ഇതോടെ മുഖ്യമന്ത്രി കുമാരസ്വാമി പദ്ധതിക്കെതിരായ തന്റെ നിലപാട് പ്രഖ്യാപിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook