മുംബൈ:മഹാരാഷ്ട്രയില്‍ 24 മണിക്കൂറും കടകളും ഷോപ്പിങ് മാളുകളും തുറന്നുപ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി നേതാവ്. രാത്രികളിലും നഗരം ഉണർന്നിരിക്കുന്നത് ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ബിജെപി നേതാവ് രാജ് പുരോഹിത് പറഞ്ഞു.

കടകളും റസ്റ്റോറന്റുകളും മാളുകളും തിയറ്ററുകളും 24 മണിക്കൂറും തുറന്നിരുന്നാൽ സംസ്ഥാനത്ത് പീഡനങ്ങൾ വർധിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു. രാത്രി ജീവിതം ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നാണ് രാജ് പുരോഹിത് മാധ്യമങ്ങളോട് പറഞ്ഞത്. അടുത്ത ആഴ്‌ച മുതൽ മഹാരാഷ്ട്രയിൽ രാത്രി കടകൾ തുറക്കാനും ഷോപ്പിങ് മാളുകളും തിയറ്ററുകളും തുറന്നുപ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജനങ്ങൾക്ക് രാത്രി ജീവിതം കൂടുതൽ ആസ്വദിക്കാൻ വേണ്ടിയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഉദ്ധവ് താക്കറെ സർക്കാർ ഇങ്ങനെയൊരു തീരുമാനം കെെക്കൊണ്ടത്.

Read Also: നേ​പ്പാ​ളി​ൽ മ​ല​യാ​ളി വിനോദസഞ്ചാര സം​ഘത്തിലെ എ​ട്ടുപേർ മ​രി​ച്ചനി​ല​യി​ൽ

“കഴിഞ്ഞ അഞ്ച് വർഷമായി മുംബെെയിലെ രാത്രി ജീവിതത്തിനെതിരെ ഞാൻ പ്രതിഷേധിക്കുന്നുണ്ട്. രാത്രി ജീവിതം ഒരുതരത്തിലും ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമല്ല. യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കാനേ ഇതുകൊണ്ട് പ്രയോജനപ്പെടൂ. പീഡനങ്ങളും വർധിക്കും. രാത്രിയിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കികൊടുത്താൽ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിക്കുകയേ ഉള്ളൂ” രാജ് പുരോഹിത് എഎൻഐയോട് പറഞ്ഞു. സംസ്ഥാനത്ത് ഏതെങ്കിലും മോശമായി നടന്നാൽ അതിനെ പ്രതിരോധിക്കാൻ തക്ക പൊലീസ് സന്നാഹം ഇവിടെയില്ല. രാത്രിയിൽ ഇത്തരം രീതികൾ ആരംഭിച്ചാൽ അത് ക്രമസമാധാന നില തകർക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു.

ടൂറിസം മന്ത്രി ആദിത്യ താക്കറെയാണ് മഹാരാഷ്ട്രയിൽ ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി കടകളും മാളുകളും തിയറ്ററുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റുന്നതായി അറിയിച്ചത്. തൊഴിൽ അവസരങ്ങൾ വർധിക്കാനും സർക്കാരിന് സാമ്പത്തികമായി നേട്ടമുണ്ടാക്കാനും ഇതുവഴി സാധിക്കുമെന്നാണ് ആദിത്യ താക്കറെ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook