അനംബ്ര (നൈജീരിയ): സംസ്ഥാന പുരസ്കാരം നേടിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് ഈ മ യൗ. അച്‌ഛന് ഗംഭീരമായൊരു ശവമടക്ക് നല്‍കാനുളള മകന്റെ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ‘ആലവട്ടോം വെഞ്ചാമരോം ബാന്റ് മേളോം മെത്രാനച്ചന്റെ ആശീർവാദോം, ഹോ! ആ ശവമടക്ക് കണ്ടാൽ ആർക്കാണെങ്കിലും ഒന്ന് മരിക്കാന്‍ പൂതി തോന്നുന്ന ചാവടക്ക് അച്‌ഛന് നല്‍കും’, ഗംഭീരമായ ശവമടക്ക് അച്‌ഛന് വാഗ്‌ദാനം ചെയ്യുന്ന ഈശി എന്ന നായകന്റെ വാക്കുകളാണിത്. ചെമ്പനാണ് ഈശിയെ അവതരിപ്പിച്ചത്. പക്ഷെ മരണത്തിലേക്കു മടങ്ങിയ അപ്പന്റെ ദേഹത്തെ മണ്ണിലേക്കു മടക്കാനാകാതെ വിങ്ങലില്‍ നില്‍ക്കുന്ന നായകനെയാണ് ചിത്രത്തില്‍ കാണാനാവുക. എന്നാല്‍ നൈജീരിയയില്‍ നിന്നുള്ളൊരു മകന്‍ അച്‌ഛന് ഒരൊന്നൊന്നര ശവമടക്ക് നല്‍കിയ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്.

ശവപ്പെട്ടിക്ക് പകരം പുതുതായി വാങ്ങിയ ആഡംബര ബിഎംഡബ്ല്യൂ കാറിലാണ് മകന്‍ പിതാവിനെ യാത്രയാക്കിയത്. അനംബ്ര സ്വദേശിയായ അസൂബിക് എന്ന യുവാവാണ് അച്‌ഛനെ കാറില്‍ യാത്രയാക്കിയത്. പിതാവിന് കൊടുത്ത വാക്ക് നിറവേറ്റാനായാണ് അദ്ദേഹം ശവപ്പെട്ടിക്ക് പകരം ബിഎംഡബ്ലൂവില്‍ സംസ്കാരം നടത്തിയത്. ഇത് സംബന്ധിച്ച ഒരു ഫെ്സ്ബുക്ക് പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. സില്‍വര്‍ നിറത്തിലുളള ബിഎംഡബ്ല്യൂ കാര്‍ കുഴിയില്‍ വയ്‌ക്കുന്നതിന്റെ ചിത്രം ഇതിനൊപ്പം കാണാം.

മകന്റെ അച്‌ഛനോടുളള സ്നേഹത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയില്‍ വന്നത്. അച്‌ഛന് മകന്‍ നല്‍കിയ ആദരവിന് മുമ്പില്‍ തലകുനിക്കുന്നതായി ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം നിരവധി പേര്‍ പ്രദേശത്ത് കഷ്‌ടത അനുഭവിക്കുമ്പോള്‍ അസൂബിക് ചെയ്‌ത പ്രവൃത്തി തെറ്റായിപ്പോയെന്ന് ചിലര്‍ വാദിച്ചു. ഈ പണം കൊണ്ട് പാവങ്ങള്‍ക്ക് ഭക്ഷണം വാങ്ങിച്ച് കൊടുക്കാമായിരുന്നെന്ന് ഇവര്‍ പറഞ്ഞു.

ഇഹിയാല ഗ്രാമത്തിലെ പാവങ്ങള്‍ ഇപ്പോഴും ഭക്ഷണം പോലും ഇല്ലാതെയാണ് ജീവിക്കുന്നതെന്ന വസ്‌തുത അസൂബിക്ക് കണക്കിലെടുക്കണമായിരുന്നെന്ന് സോഷ്യൽ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു. അതേസമയം അച്‌ഛനെ കാറില്‍ യാത്രയാക്കിയതിലൂടെ മകന്റെ സ്‌നേഹമാണ് വെളിവാകുന്നതെന്നും പോസ്റ്റുകള്‍ വന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ