/indian-express-malayalam/media/media_files/2026/01/04/venizela-attack-2026-01-04-07-40-28.jpg)
ബന്ദിയാക്കിയ നിക്കോളാസ് മഡുറോയുടെ ട്രംപ് പുറത്തുവിട്ട ചിത്രം (Photo: Truth Social/Donald Trump)
US Strikes Venezuela Updates: ന്യൂയോർക്ക്: വെനസ്വേലയിൽ നാടകീയമായ സൈനിക നീക്കം നടത്തി അമേരിക്കൻ സേന പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടി. തലസ്ഥാനമായ കാരക്കാസിൽ നടന്ന വ്യോമാക്രമണങ്ങൾക്കും ബോംബാക്രമണങ്ങൾക്കും പിന്നാലെയാണ് മഡുറോയെ യുഎസ് ഡെൽറ്റ ഫോഴ്‌സ് കസ്റ്റഡിയിലെടുത്തത്. പിടികൂടിയ മഡുറോയെ വിമാനമാർഗ്ഗം ന്യൂയോർക്കിലെത്തിച്ചു.
യുഎസ് ആക്രമണത്തെത്തുടർന്ന് വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാരക്കാസിൽ നടന്ന ബോംബാക്രമണങ്ങളിൽ സൈനികരും സാധാരണക്കാരുമടക്കം 40-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധമായ ആയുധം കൈവശം വെക്കൽ തുടങ്ങിയ ഗുരുതരമായ ഫെഡറൽ കുറ്റങ്ങളാണ് മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയതായും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും യുഎസ് അധികൃതർ അറിയിച്ചു.
മഡുറോയെ കണ്ണ് കെട്ടിയ നിലയിലുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, 'ഇനി അമേരിക്ക വെനസ്വേലയെ നയിക്കുമെന്ന്' പ്രഖ്യാപിച്ചു. വെനസ്വേലയിലെ എണ്ണ ശേഖരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് നടപടിയിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആശങ്ക രേഖപ്പെടുത്തി. ഇതൊരു അപകടകരമായ കീഴ്വഴക്കമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഫ്രാൻസ് ഈ നടപടിയെ രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്ന് വിശേഷിപ്പിച്ചു. കാനഡ നടപടിയെ സ്വാഗതം ചെയ്തപ്പോൾ, റഷ്യയും ചൈനയും ഐക്യരാഷ്ട്രസഭയിൽ അടിയന്തര യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.
ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യ
വെനസ്വേലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും വെനസ്വേലയിലുള്ള ഇന്ത്യക്കാർ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.
150-ലധികം വിമാനങ്ങൾ പങ്കെടുത്ത അതിശക്തമായ സൈനിക നീക്കമാണ് കാരക്കാസിൽ നടന്നതെന്ന് യുഎസ് സൈനിക വക്താക്കൾ അറിയിച്ചു. മാസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് മഡുറോയെ പിടികൂടാനുള്ള 'ഓപ്പറേഷൻ' വിജയകരമായി പൂർത്തിയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
Read More:വെനസ്വേലയിൽ യുഎസ് വ്യോമാക്രമണത്തിന് പിന്നിലെ കാരണമെന്ത് ? ലക്ഷ്യം മയക്കുമരുന്ന് വേട്ടയോ അതോ എണ്ണയോ ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us