ഉദയ്പൂരിലേതിന് സമാനമായി പ്രവാചകന് മുഹമ്മദ് നബിക്കെതിരെ ബി ജെ പി വക്താവായിരുന്ന നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശങ്ങളെ പിന്തുണച്ചുള്ള സാമൂഹ്യമാധ്യങ്ങളിൽ പോസ്റ്റിട്ട കെമിസ്റ്റ് ഉമേഷ് കോല്‍ഹെ (54) കൊല്ലപ്പെട്ട സംഭവം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച കേസ് എൻഐഎക്ക് കൈമാറി.
നൂപുർ ശർമ്മയെ പിന്തുണച്ച് ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വാട്ട്സ്ആപ്പിൽ പ്രചരിപ്പിച്ചതിന് പിന്നാലെ ജൂൺ 21 ന് ആണ് മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ ഉമേഷ് പ്രഹ്ലാദറാവു കോൽഹെ കൊല്ലപ്പെടുന്നത്.
സംഭവത്തിൽ അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു, ശനിയാഴ്ച രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. ഒരു എൻജിഒ നടത്തുന്ന, മുഖ്യസൂത്രധാരനായ ഇർഫാൻ ഖാൻ (35), മൃഗ ഡോക്ടറായ യൂസഫ് ഖാൻ (44) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഇർഫാനെ നാഗ്പൂരിൽ നിന്നും യൂസഫിനെ വെള്ളിയാഴ്ച രാത്രി അമരാവതിയിൽ നിന്നുമാണ് പിടികൂടിയത്.
റഹീബാർ എന്ന പേരിൽ ഹെൽപ്പ് ലൈൻ നടത്തുന്ന ഒരു എൻജിഒയുടെ കൺവീനറാണ് ഇർഫാൻ എന്ന് പൊലീസ് പറഞ്ഞു. “താഴ്ന്ന വിഭാഗത്തിൽ നിന്നുള്ള ഭിന്നശേഷിക്കാൻ പുനരധിവസിപ്പിക്കാൻ” വേണ്ടി പ്രവർത്തിക്കുന്നതാണ് എൻജിഒ എന്ന് അതിന്റെ ഫെയ്സ്ബുക്ക് പേജ് പറയുന്നു. ഇർഫാൻ ആണ് കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ എന്ന് സിറ്റി പോലീസ് കമ്മീഷണർ ആർതി സിംഗ് പറഞ്ഞു, അയാളുടെ എൻജിഒയുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചു വരികയാണെന്നും വ്യക്തമാക്കി.
നേരത്തെ അറസ്റ്റിലായ അഞ്ചുപേരിൽ നാലുപേരെങ്കിലും ഇർഫാന്റെ സുഹൃത്തുക്കളാണെന്നും അദ്ദേഹത്തിന്റെ എൻജിഒയിലെ സന്നദ്ധപ്രവർത്തകരാണെന്നും പൊലീസ് പറഞ്ഞു. ഇർഫാൻ കൊലപാതകം ആസൂത്രണം ചെയ്യുകയും പ്രതികൾക്ക് പ്രത്യേക ചുമതലകൾ നൽകുകയും വാഹനം, പണം തുടങ്ങിയവ നൽകുകയും ചെയ്തുവെന്നാണ് ആരോപണം.
അറസ്റ്റിലായ മൃഗ ഡോക്ടർ യൂസഫാണ് പ്രേരണകനായി പ്രവർത്തിച്ചതെന്നാണ് ആരോപണം. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇയാൾ കോൾഹെയ്ക്ക് എതിരെ പോസ്റ്റ് ഇട്ടിരുന്നു ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പറയുന്നത്. യൂസഫിനെ ജൂലൈ നാല് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
നൂപുർ ശർമ്മയെ പിന്തുണച്ച് അദ്ദേഹം (കൊൽഹെ) നടത്തിയ പോസ്റ്റിന് പ്രതികാരം ചെയ്യുകയായിരുന്നു കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്ന് അമരാവതി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിക്രം സാലി പറഞ്ഞു.
“അന്വേഷണത്തിൽ, നുപൂർ ശർമ്മയെ പിന്തുണച്ച് കോൽഹെ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ പ്രചരിപ്പിച്ചതായി കണ്ടെത്തി. അബദ്ധവശാൽ, മുസ്ലീം അംഗങ്ങളുള്ള ഒരു ഗ്രൂപ്പിലും അദ്ദേഹം അത് പോസ്റ്റ് ചെയ്തു. ഇത് പ്രവാചകനെ അപമാനിക്കുന്നതാണെന്നും അതിനാൽ അദ്ദേഹം മരിക്കണമെന്നും അറസ്റ്റിലായ പ്രതികളിലൊരാൾ പറഞ്ഞിരുന്നു, ”ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഉദയ്പൂർ കൊലപാതകവും അന്വേഷിക്കുന്ന എൻഐഎ, രണ്ട് ആക്രമണങ്ങളും ഏതെങ്കിലും സംഘടനയുടെ പ്രേരണയാണോ എന്നും പാകിസ്ഥാനുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
21നു രാത്രി 10നും 10.30നും ഇടയിലാണു കൊലപാതകം നടന്നത്. മെഡിക്കല്‍ ഷോപ്പ് അടച്ച് സ്കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു കോല്‍ഹെ. മകന് സങ്കേതും (27) ഭാര്യ വൈഷ്ണവിയും മറ്റൊരു സ്കൂട്ടറില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു.
”ഞങ്ങള്‍ പ്രഭാത് ചൗക്കില്‍നിന്ന് പോകുന്നതിനിടെ സ്കൂട്ടറുകള് ന്യൂ ഹൈസ്കൂളിന്റെ ഗേറ്റില്‍ എത്തിയിരുന്നു. ബൈക്കില്‍ രണ്ടു പേര് പെട്ടെന്ന് പിതാവിന്റെ സ്കൂട്ടറിനു മുന്നിലെത്തി. അവരില്‍ ഒരാളുടെ കൈയില്‍ കത്തിയുണ്ടായിരുന്നു. അച്ഛന്റെ സ്കൂട്ടര്‍ നിര്‍ത്തിച്ചശേഷം അവരിലൊരാള്‍ അച്ഛന്റെ കഴുത്തില്‍ കുത്തി. നിലത്തുവീണ അച്ഛന്റെ കഴുത്തില്‍നിന്ന് രക്തം വരുന്നുണ്ടായിരുന്നു. ഇതുകണ്ട് സ്കൂട്ടര്‍ നിര്‍ത്തിയ ഞാന്‍ സഹായത്തിനായി കരഞ്ഞു. ഈ സമയം മറ്റൊരാള്‍ വരികയും മൂവരും ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു,”എന്നാണു പരാതിക്കാരനായ സങ്കേത് പൊലീസിനു നല്കിയ മൊഴി.
Also Read: നൂപുര്‍ ശര്‍മയെ പിന്തുണച്ച കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മൃഗഡോക്ടര്‍ അറസ്റ്റില്‍