ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെ നിർദ്ദേശം അനുസരിച്ച് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാൻ നീക്കം. പോപ്പുലർ ഫ്രണ്ടിന് തീവ്രവാദ ബന്ധമുണ്ടെന്നും ഇവർ ബോംബ് നിർമ്മാണം അടക്കമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നുമാണ് യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങളായി എൻഐഎ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നാല് പ്രധാന കേസുകളുമായി ബന്ധപ്പെടുത്തിയാണ് എൻഐഎയുടെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് എതിരായ നടപടി. തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവം, കണ്ണൂരിൽ സായുധ പരിശീലന ക്യാംപ് നടത്തിയ സംഭവം, ഏറെ അപകടകാരിയായ ബോംബുകളുടെ നിർമ്മാണം, ബെംഗളൂരുവിൽ ആർഎസ്എസ് നേതാവ് രുദ്രേഷിന്റെ കൊലപാതകം, ഇസ്ലാമിക് സ്റ്റേറ്റ് അൽ-ഹിന്ദിയുടെ പിന്തുണയോടെ ദക്ഷിണേന്ത്യയിൽ സ്ഫോടനങ്ങൾ നടത്താനുള്ള നീക്കം എന്നിവയാണ് പോപ്പുലർ ഫ്രണ്ടിനെതിരായ ഗുരുതര കുറ്റങ്ങളായി എൻഐഎ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

“പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ ദേശീയതയിൽ ഊന്നിയതാണെന്നും അല്ലാതെ ദേശവിരുദ്ധമല്ലെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ എക്സിക്യുട്ടീവ് കൗൺസിൽ അംഗം പി.കോയ പറഞ്ഞു. തീവ്രവാദ പരിശീലന ക്യാംപ് സംഘടിപ്പിച്ചിട്ടില്ലെന്നും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ