ശ്രീനഗർ: പുൽവാമ ആക്രമണത്തിന് തിരിച്ചടി നൽകിയതിന് പിന്നാലെ അതിർത്തിയിൽ വെടിവയ്പ്പ് രൂക്ഷമായിരിക്കെ ദേശീയ സുരക്ഷാ ഏജൻസി അഭ്യന്തര നിരീക്ഷണവും ശക്തിപ്പെടുത്തി. ജമ്മുകശ്മീരിലെ വിഘടനവാദി നേതാക്കളുടെ വീട്ടിൽ എൻഐഎ നടത്തിയ റെയ്ഡിൽ പല രേഖകളും പിടിച്ചെടുത്തു. വിഘടനവാദി മിർവാസി ഫറൂഖിന്റെയടക്കം വീടുകളിലാണ് റെയ്ഡ് നടത്തിയത്.
യാസിൻ മാലിക്കിന്റെ വീട്ടിൽ ഇന്ന് രാവിലെയാണ് റെയ്ഡ് നടന്നത്. ഇദ്ദേഹം ജമ്മു കശ്മീർ പൊലീസിന്റെ കസ്റ്റഡിയിലാണ്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ വിഘടനവാദി നേതാക്കൾക്ക് നൽകിവന്നിരുന്ന സുരക്ഷ കേന്ദ്രസർക്കാർ എടുത്തുകളഞ്ഞിരുന്നു.
അതേസമയം ജമ്മു കാശ്മീരിലെ ഇന്ത്യാ-പാക് അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം രൂക്ഷമായ ആക്രമണം നടത്തുകയാണ്. പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിന് പിന്നാലെയാണ് പാക് സൈന്യം ആക്രമണം തുടങ്ങിയത്.
ജമ്മു കാശ്മീരിലെ നൗഷേര, അഖ്നൂർ മേഖലകളിലാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. അതീവജാഗ്രതയോടെയാണ് ഇന്ത്യൻ സൈന്യം ഈ ആക്രമണങ്ങളെ നിരീക്ഷിക്കുന്നത്. കരസേനയ്ക്ക് പുറമെ, പാക് അതിര്‍ത്തിയില്‍ വ്യോമസേനയുടെ വിദഗ്ദ്ധ സംഘം എന്തിനും തയാറായി നിലയുറപ്പിച്ചിട്ടുണ്ട്.
ബലാകോട്ടിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയതിൽ ശക്തമായ പ്രതിഷേധത്തിലാണ് പാക്കിസ്ഥാൻ. അതേസമയം പാക്കിസ്ഥാനെതിരായല്ല ആക്രമണം എന്നും ഭീകരർക്ക് എതിരായിരുന്നുവെന്നുമാണ് ഇന്ത്യൻ സൈന്യത്തിന്റെ വിശദീകരണം.