കോയമ്പത്തൂർ: തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ തമിഴ്നാട് കോയമ്പത്തൂരിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. കോയമ്പത്തൂരിൽ അഞ്ചിടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. വീടുകളും, ഫ്ലാറ്റുകയും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്. പരിശോധന നടക്കുന്ന സ്ഥലങ്ങളിൽ തമിഴ്നാട് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഐഎസുമായി ബന്ധം ഉള്ളവരെ കണ്ടെത്താനാണ് റെയ്ഡ് എന്നാണ് അറിയുന്നത്. കോയമ്പത്തൂരിലെ അഞ്ച് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ, സിംകാർഡുകൾ, പെൻഡ്രൈവുകൾ എന്നിവ പിടിച്ചെടുത്തതായി വിവരമുണ്ട്.

Also Read: ലഷ്‌കറെ ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു

ലഷ്കർ ഇ ത്വയ്ബ ഭീകരർ തമിഴ്‌നാട്ടിലെത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്. അര്‍ധസൈനിക വിഭാഗത്തെയടക്കം ഏഴായിരം പൊലീസുകാരെയാണ് തമിഴ്നാടിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്നാടിന് പുറമേ കര്‍ണാടകം, ആന്ധ്ര, പുതുച്ചേരി ദില്ലി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലഷ്‌കര്‍ ബന്ധം സംശയിച്ച് ഒരു മലയാളിയെയും കസ്റ്റഡിയിലെടുത്തിരുന്നു. ലഷ്‌കറെ തയിബ ഭീകരരെ തമിഴ്‌നാട്ടിലേക്ക് എത്താന്‍ സഹായിച്ചെന്ന സംശയത്തിലാണ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെ കസ്റ്റഡിയിലെടുത്തത്. റഹീമിനൊപ്പമുണ്ടായിരുന്ന വയനാട് ബത്തേരി സ്വദേശിയായ യുവതിയെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും 24 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംശയാസ്‌പ‌ദമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തിലാണ് വിട്ടയച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook