ന്യൂഡൽഹി: രക്തപരിശോധന ഫലം എസ്എംഎസ് അയച്ച ഡോക്ടറെ ചോദ്യം ചെയ്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഡല്‍ഹിയിലെ പ്രമുഖനായ കാര്‍ഡിയോളജിസ്റ്റ് പ്രൊഫ.ഡോ.ഉപേന്ദ്ര കൗളിനെയാണ് എന്‍ഐഎ ചോദ്യം ചെയ്തത്.
ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് യാസിന് മാലിക്കിനാണ് രക്തപരിശോധന ഫലം ഡോ.ഉപേന്ദ്ര കൗള്‍ എസ്എംഎസ് അയച്ചത്. ഇത് ഹവാല പണത്തിന്റെ കണക്കാണെന്ന് തെറ്റിദ്ധരിച്ചാണ് എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍. ബാദ്ര ആശുപത്രി ചെയര്മാന് കൂടിയാണ് ഡോ.ഉപേന്ദ്ര കൗള്‍.
Read Also: ഏറ്റവും ഭാരം കൂടിയ ക്രിക്കറ്റർ; ചരിത്രമെഴുതി വിൻഡീസ് താരം റഖീം കോൺവാൾ
പത്മശ്രീ ജേതാവ് കൂടിയായ ഉപേന്ദ്ര കൗളിനെ എന്‍ഐഎ ചോദ്യം ചെയ്തത് വെള്ളിയാഴ്ചയാണ്. രാവിലെ 10.30 നായിരുന്നു സംഭവം. യാസിന് മാലിക്കിന് അയച്ച എസ്എംഎസ് എന്താണെന്ന് എന്‍ഐഎ ഡോ.ഉപേന്ദ്രയോട് ചോദിച്ചു. ‘INR 2.78’ എന്നതാണ് ഉപേന്ദ്ര കൗള്‍ യാസിന് മുഹമ്മദിന് അയച്ച സന്ദേശം. ഇതിന്റെ അര്‍ഥമെന്താണെന്നാണ് എന്‍ഐഎ തിരക്കിയത്. INR 2.78 എന്നത് ഹവാല ഇടപാടുമായി ബന്ധപ്പെട്ടതാണെന്ന് എന്‍ഐഎ തെറ്റിദ്ധരിച്ചതാണ് ചോദ്യം ചെയ്യലിന് കാരണം.
എന്നാല്‍, ചോദ്യം ചെയ്യലില്‍ എന്‍ഐഎക്ക് കാര്യം പിടികിട്ടി. ഇന്റർനാഷണൽ നോര്മലൈസഡ് റേഷ്യോ എന്നാണ് ഐഎന്‍ആറിന്റെ (INR) മുഴുവന്‍ രൂപമെന്ന് ഡോക്ടര്‍ ഐഎന്‍എയുടെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. 1996 മുതല്‍ യാസിന് മാലിക്ക് തന്റെ രോഗിയാണെന്നും ഡോ.ഉപേന്ദ്ര പറഞ്ഞു.