കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രണം അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍ഐഎ സംഘം കൊളംബോയില്‍ എത്തി. ഭീകരാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ബന്ധം തെളിയിക്കുന്നതിന്റെ ഭാഗമായാണ് രണ്ടംഗ എന്‍ഐഎ സംഘം കൊളംബോയിലെത്തിയത്. ചാവേര്‍ സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം നേരത്തെ ഐഎസ് ഏറ്റെടുത്തിരുന്നു.
Read More: ശ്രീലങ്കൻ ഭീകരാക്രമണം: ഭീകരർ കേരളത്തിലും എത്തിയിരുന്നതായി ലങ്കൻ സൈനിക മേധാവി
ശ്രീലങ്കയില്‍ പോകുന്ന ഇന്ത്യൻ പൗരന്മാര് ജാഗ്രത പുലര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സഹായം ആവശ്യമുള്ളവർക്ക് ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കി. ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേയും മുന്നറിയിപ്പ് നൽകിയിരുന്നു.
ഈസ്റ്റർ ദിനത്തിൽ പളളികളെയും ഹോട്ടലുകളെയും ലക്ഷ്യമിട്ടായിരുന്നു ശ്രീലങ്കയിൽ സ്‌ഫോടനമുണ്ടായത്. ആദ്യ ആറു സ്‌ഫോടനങ്ങൾക്കുശേഷം ഉച്ച കഴിഞ്ഞായിരുന്നു രണ്ടു സ്‌ഫോടനം. രാവിലെ 8.45 ന് ഈസ്റ്റർ പ്രാർഥനകൾ നടക്കുമ്പോഴായിരുന്നു കൊളംബോയിലെ സെന്റ് ആന്റണീസ് പളളിയിലും നഗോംബോ സെന്റ് സെബാസ്റ്റ്യൻസ് പളളിയിലും ബട്ടിക്കലോവയിലെ സിയോൻ ചർച്ചിലും സ്‌ഫോടനമുണ്ടായത്. ഇതിനുപിന്നാലെ വിദേശ സഞ്ചാരികളുടെ താമസ കേന്ദ്രങ്ങളായ ഷാങ്ഗ്രില, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സ്‌ഫോടനമുണ്ടായി.
ഉച്ച കഴിഞ്ഞ് കൊളംബോയുടെ തെക്കൻ മേഖലയിലെ ദേശീയ മൃഗശാലയ്ക്കു സമീപത്തായി ഏഴാമത്തെ സ്‌ഫോടനം. കൊളംബോയിലെ വടക്കൻ മേഖലയിൽ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു എട്ടാമത്തെ സ്‌ഫോടനം.