scorecardresearch

കൊച്ചി കപ്പൽശാലയിലെ മോഷണം: രണ്ട് പേരെ എൻഐഎ പിടികൂടി

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാൽ പ്രതികൾക്കെതിരെ അന്വേഷണം ശക്തമായിരുന്നു

കൊച്ചി കപ്പൽശാലയിലെ മോഷണം: രണ്ട് പേരെ എൻഐഎ പിടികൂടി

പട്ന: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകൾ മോഷ്‌ടിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. ഹാർഡ് ഡിസ്‌കിനു പുറമേ മറ്റ് കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും കഴിഞ്ഞ സെപ്‌റ്റംബറിൽ മോഷണം പോയിരുന്നു. ബിഹാർ, രാജസ്ഥാൻ സ്വദേശികളെയാണ് എൻഐഎ പിടികൂടിയത്.

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഏറെ പ്രധാനപ്പെട്ട വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാൽ പ്രതികൾക്കെതിരെ അന്വേഷണം ശക്തമായിരുന്നു. ബിഹാറിലെ മുണ്ടർ സ്വദേശിയായ സുമിത് കുമാർ സിങ് (23), രാജസ്ഥാനിലെ ഹനുമൻഗഡ് സ്വദേശിയായ ദയ റാം (22) എന്നിവരെയാണ് മോഷണക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ വീട്ടിൽനിന്നും അറസ്റ്റ് ചെയ്‌തത്. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഹാർഡ് ഡിസ്‌ക് അടക്കമുള്ള ഉപകരണങ്ങൾ എൻഐഎയ്‌ക്ക് ലഭിച്ചു.

Read Also: ‘സമ്പൂർണ ലോക്ക്‌ഡൗണ്‍ വീണ്ടും?’ വാസ്‌തവം അറിയാം

“കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ശക്തമാക്കിയിരുന്നു. ഈ പദ്ധതിക്ക് കീഴിൽ 5,000 തൊഴിലാളികളും 150 ലേറെ കരാറുകാരും ഉണ്ടെന്ന് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ മനസിലാക്കി. അവരിലൂടെയെല്ലാം അന്വേഷണം കടന്നുപോകേണ്ടിവന്നു. മോഷണം നടന്ന സ്ഥലത്തുനിന്ന് വിരലടയാളം ശേഖരിച്ചു. ഒരു സാധാരണ തൊഴിലാളിക്ക് എത്തിച്ചേരാൻ സാധിക്കാത്ത സ്ഥലത്താണ് കംപ്യൂട്ടർ ഉപകരണങ്ങൾ ഇരിക്കുന്നതെന്ന് മനസിലായി. ഓരോ തൊഴിലാളിയുമായി ഞങ്ങൾ ഈ വിരലടയാളം പരിശോധിച്ചു. പലരും അവരുടെ ജന്മദേശങ്ങളിലേക്ക് പോയിരുന്നതിനാൽ ഞങ്ങൾക്ക് ഒന്നിലധികം സംസ്ഥാനങ്ങളിലേക്ക് ടീമുകളെ അയക്കേണ്ടിവന്നു. നൂറുകണക്കിന് പേരെ ചോദ്യം ചെയ്‌തു,” മുതിർന്ന എൻ‌ഐ‌എ ഉദ്യോഗസ്ഥൻ പറഞ്ഞു.

സെപ്‌റ്റംബറിൽ കൊച്ചി കപ്പൽശാലയുടെ പരാതിയെത്തുടർന്നാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. ഇലക്‌ട്രോണിക് ഘടകങ്ങളിൽ കപ്പലിലെ മൾട്ടി-ഫങ്‌ഷണൽ കൺസോളുകളിൽ (എം‌എഫ്‌സി) നിന്നുള്ള 5 മൈക്രോ പ്രോസസറുകൾ, 10 റാമുകൾ, അഞ്ച് ഹാർഡ് ഡിസ്‌കുകൾ എന്നിവയാണ് കളവ് പോയത്. ഇതിൽ രണ്ട് ഹാർഡ് ഡിസ്‌കുകൾ പൊലീസ് പിടികൂടിയിട്ടുണ്ട്. തെരച്ചിൽ തുടരുകയാണ്.

Read Also: ‘വന്ദേ ഭാരത്’ ദൗത്യം മൂന്നാം ഘട്ടത്തിനു ഇന്നു തുടക്കം; കേരളത്തിലേക്കു കൂടുതൽ പ്രവാസികൾ മടങ്ങിയെത്തും

ദുരൂഹത തോന്നിയതിനെ തുടർന്നാണ് അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്. രഹസ്യങ്ങൾ ചോർത്താനുള്ള നീക്കമാണോ മോഷണത്തിലൂടെ നടന്നതെന്ന് സംശയമുണ്ടായിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായാണ് ആദ്യംമുതൽ അന്വേഷണം മുന്നോട്ടുപോയത്. മോഷണം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ കെെമാറുന്നവർക്ക് എൻഐഎ അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത് ഈ മാർച്ചിലാണ്. പ്രതികളെ ഇന്നലെ തന്നെ പട്ന കോടതിയിൽ ഹാജരാക്കി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nia case of theft in aircraft carrier cracked two held