കൊൽക്കത്ത/കൊച്ചി: പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്‌ഡിൽ ഒൻപത് അൽ ഖായിദ ഭീകരർ പിടിയിലായതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). എറണാകുളത്തുനിന്ന് മൂന്നു പേരെയും ബംഗാളിൽനിന്ന് ആറ് പേരെയുമാണ് പിടികൂടിയതെന്ന് എൻഐഎ അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലുമായി 12 സ്ഥലങ്ങളിലാണ് ഇന്നു പുലർച്ചെ റെയ്‌ഡ് നടത്തിയത്.
Read Also: കേരളത്തിലും കര്‍ണാടകത്തിലും നിരവധി ഐഎസ് ഭീകരര്‍: യുഎൻ റിപ്പോർട്ട്
എറണാകുളം പെരുമ്പാവൂരിലും ബംഗാളിലെ മുർഷിദാബാദിലുമാണു റെയ്ഡ് നടന്നതെന്ന് എൻഐഎ അറിയിച്ചു. മുർഷിദ് ഹസൻ, ഇയാകുബ് ബിശ്വ, മൊസറഫ് ഹൊസെൻ എന്നിവരെയാണ് പെരുമ്പാവൂരിൽനിന്ന് പിടികൂടിയത്. നജ്‌മസ് സാക്കിബ്, അബു സുഫിയാൻ, മെെനുൽ മൊണ്ടാൽ, ലിയു യെൻ അഹമ്മദ്, അൽ മാമുൻ കമൽ, അതിതുർ റഹ്‌മാൻ എന്നിവരാണ് മുർഷിദാബാദിൽ നിന്ന് പിടിയിലായവർ.
പിടിയിലായവര്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള അൽ ഖായിദ തീവ്രവാദികളാല്‍ സോഷ്യല്‍ മീഡിയ വഴിയാണ് പ്രചോദിതരായതെന്ന് എന്‍ഐഎ പറഞ്ഞു. ഇവരെ കൊണ്ട് ദേശീയ തലസ്ഥാനം ഉള്‍പ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചിരുന്നു. ഇതിനായി, സജീവമായി ഫണ്ട് ശേഖരണത്തില്‍ ഏര്‍പ്പെട്ട സംഘത്തിലെ കുറച്ചുപേര്‍ ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കാന്‍ ന്യൂഡല്‍ഹിയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നതൊയും എന്‍ഐഎ അറിയിച്ചു.
പിടിയിലായവരിൽനിന്ന് വൻതോതിലുള്ള രാജ്യത്ത് നിര്‍മിച്ച പിസ്റ്റളുകള്‍ ഉൾപ്പെടെയുള്ള ആയുധങ്ങൾ, ശരീര രക്ഷാകവചം, സ്വയം നിര്‍മിത സ്‌ഫോടകവസ്തുക്കള്‍, ജിഹാദി പുസ്തകങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയവ പിടി കൂടിയതായി എൻഐഎ അറിയിച്ചു. ഇവരെ പാക്കിസ്ഥാൻ അൽ ഖായിദ ഓൺലെെൻ വഴിയാണ് റിക്രൂട്ട് ചെയ്‌തതെന്നും എൻഐഎ പറയുന്നു.
പെരുമ്പാവൂരിൽനിന്ന് കസ്റ്റഡിയിലെടുത്ത മൂന്നു പേരെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. നിർമാണത്തൊഴിലാളികൾ എന്ന വ്യാജേന കേരളത്തിലെത്തിയതെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു. എറണാകുളത്തുനിന്നു പിടിയിലായ മുര്‍ഷിദ് ഹസനാണ് സംഘത്തെ നയിച്ചതെന്നും കേരളത്തിലെയും പശ്ചിമ ബംഗാളിലെയും സംഘങ്ങളിലെ എല്ലാ വ്യക്തികള്‍ തമ്മില്‍ ബന്ധമുണ്ടെന്നും എന്‍ഐഎ പറഞ്ഞു.
Read Also: കരമന ദുരൂഹമരണം: അന്വേഷണത്തിൽ വഴിത്തിരിവ്, കാര്യസ്ഥന്റെ മൊഴി വ്യാജം
NIA Arrests Nine Al-Qaeda Terrorists from West Bengal and Kerala pic.twitter.com/qL7p4rR9lc
— NIA India (@NIA_India) September 19, 2020
ബോംബ് നിര്‍മിക്കാനായി ബാറ്ററികള്‍, സ്വിച്ചുകള്‍, വയറുകള്‍, പടക്കങ്ങള്‍ എന്നിവ സംഘം അടുത്തിടെ ശേഖരിച്ചിരുന്നു. പടക്കത്തില്‍നിന്നുള്ള പൊട്ടാസ്യം ക്ലോറേറ്റ് ബോംബില്‍ സ്‌ഫോടസ്തുവായി ഉപയോഗിക്കാനൊയിരുന്നു സംഘത്തിന്റെ പദ്ധതിയെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. പാകിസ്ഥാനിലുള്ളവരുടെ നിര്‍ദേശപ്രകാരം കശ്മീരില്‍നിന്ന് കൈമാറിയതെന്നു കരുതുന്ന തോക്കുകള്‍ ഡല്‍ഹിയില്‍നിന്നു സംഘം ശേഖരിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.

രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്നും ഇവര്‍ കുറച്ചു മാസങ്ങളായി നിരീക്ഷണത്തിലായിരുന്നുവെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. അറസ്റ്റിലായവരെ കേരളത്തിലെയും പശ്ചിമ ബംഗാളിലെയും ബന്ധപ്പെട്ട കോടതികളില്‍ ഹാജരാക്കും. തുടര്‍ന്ന് വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.
പശ്ചിമ ബംഗാളിലും കേരളത്തിലും അൽ ഖായിദ സാന്നിധ്യമുണ്ടെന്ന് എൻഐഎ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. ദേശീയ അന്വേഷണ ഏജൻസി സെപ്‌റ്റംബർ 11 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.