ന്യൂഡല്‍ഹി: ജർമ്മന്‍ വാഹന നിർമ്മാണ കമ്പനിയായ ഫോക്‌സ് വാഗണ് വന്‍ പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണല്‍. വാഹനങ്ങളിലെ മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ കൃത്രിമം കാട്ടിയതിന്റെ പേരിലാണ് 100 കോടി രൂപ പിഴ ചുമത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ഫോക്‌സ് വാഗണ്‍ ഇന്ത്യ മാനേജിങ് ഡയറക്ടറെ അറസ്റ്റ് ചെയ്യാനും കമ്പനിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവുണ്ട്. 2018 നവംബറിലെ ഉത്തരവ് പ്രകാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പിഴ അടയ്ക്കാന്‍ കമ്പനി തയ്യാറാകാത്തതിനാലാണ് 24 മണിക്കൂറിനുള്ളില്‍ 100 കോടി പിഴ അടയ്ക്കാന്‍ ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയത്.

ഫോക്‌സ് വാഗണെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള ഡീസല്‍ഗേറ്റ് വിവാദം ഉയരുന്നത് 2015ലാണ്. അനുവദനീയമായ അളവിലും നാല്‍പത് ഇരട്ടി നൈട്രജന്‍ ഓക്‌സൈഡ് കാറുകളില്‍ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് കമ്പനി കബളിപ്പിക്കുകയായിരുന്നു. മലിനീകരണ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചത് പിടിക്കപ്പെടുകയായിരുന്നു. ഇത്തരത്തിലുള്ള 1.1 കോടി കാറുകളാണ് ആഗോള തലത്തില്‍ കമ്പനി വിറ്റഴിച്ചത്.

ഡല്‍ഹി കേന്ദ്രമാക്കി നടത്തിയ പഠനത്തില്‍ പ്രാഥമികമായി 171.34 കോടിയുടെ നാശനഷ്ടം ദേശീയ ഹരിത ട്രിബ്യൂണല്‍ കണക്കാക്കി. ഫോക്‌സ് വാഗണിന് കീഴിലുള്ള ഔഡി, പോര്‍ഷ, സ്‌കോഡ തുടങ്ങിയ മോഡലുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കമ്പനി സമ്മതിച്ചു. ഇത്തരത്തില്‍ കൃത്രിമം കാട്ടി 3.27 ലക്ഷം ഡീസല്‍ കാറുകളാണ് ഫോക്‌സ് വാഗൺ ഇന്ത്യയില്‍ വിറ്റത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook