ന്യൂഡൽഹി: 2016ലെ സാംസ്കാരികോത്സവുമായി ബന്ധപ്പെട്ട് യമുനാ നദീതീരം നശിപ്പിച്ചതിന് ഉത്തരവാദി ശ്രീ ശ്രീ രവിശങ്കറിന്റെ ആർട് ഓഫ് ലിവിങ് തന്നെയെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. എന്നാൽ കൂടുതൽ പിഴ ചുമത്താൻ ട്രിബ്യൂണൽ തയ്യാറായില്ല. വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ ഡല്‍ഹി വികസന അതോറിറ്റി നദീതീരം പുനരുദ്ധാരണം ചെയ്യണമെന്നും സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ട്രൈബ്യൂണല്‍ ബെഞ്ച് നിര്‍ദേശിച്ചു.
ആര്‍ട്ട് ഓഫ് ലിവിങ് പിഴയായി ഒടുക്കിയ 5 കോടി രൂപ ഇതിനായി ഉപയോഗിക്കണമെന്നും ചെലവ് കൂടിയാല്‍ അതും രവിശങ്കറിന്റെ സംഘടനയില്‍ നിന്ന് ഈടാക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. വിധി പ്രസ്താവനത്തിനിടെ ഡല്‍ഹി വികസന അതോറിറ്റിക്കെതിരേയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ അതോറിറ്റിക്ക് കഴിഞ്ഞില്ലെന്ന് ബെഞ്ച് പറഞ്ഞു.
സാംസ്കാരികോത്സവം യമുനാതീരം പൂര്‍ണമായി നശിപ്പിച്ചെന്ന് വിദഗ്ധസമിതി നേരത്തെ കണ്ടെത്തിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന് മുമ്പാകെ സമിതി ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. തീരം പൂർവസ്ഥിതിയിലേക്ക് മാറ്റുന്നതിനായി 13 കോടി രൂപ ചെലവ് വരുമെന്നും കുറഞ്ഞത് 10 വര്‍ഷം ഇതിനായി വേണ്ടി വരുമെന്നും സമിതി അറിയിച്ചു.