ശ്രീനഗർ: അമർനാഥ് ക്ഷേത്രത്തിൽ ഇനി മുതൽ മന്ത്രോച്ചാരണങ്ങളോ, മണിയടി ശബ്ദമോ പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി. സമുദ്ര നിരപ്പിൽ നിന്നും 3888 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജമ്മു കശ്മീരിലെ അമർനാഥ് ഗുഹ ക്ഷേത്രത്തിന്റെ ഉള്ളിൽ നിന്നും മണി അടി ശബ്ദങ്ങൾ മുഴങ്ങാൻ പാടില്ല എന്നാണു ജസ്റ്റിസ് സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തീർത്ഥാടകരുടെ മൊബൈൽ ഫോണുകളും ലഗേജുകളും ഗുഹ ക്ഷേത്രത്തിലേക്കുള്ള അവസാനത്തെ ചെക്ക് പോയിന്റിൽ ഏൽപ്പിക്കണമെന്നും ഉത്തരവിൽ നിർദേശമുണ്ട്. ലഗേജുകൾ സൂക്ഷിക്കാനായി പ്രത്യേകം ഒരു മുറി അമർനാഥ് ഷ്രയ്ൻ ബോർഡിന് നിർമിച്ചു നൽകാവുന്നതാണ്.

ക്ഷേത്രത്തിൽ മന്ത്രോച്ചാരണങ്ങളോ, ‘ജയകര’ വിളികളോ ഉയരുന്നില്ല എന്ന കാര്യം കർശനമായി നടപ്പാക്കാനും ട്രൈബ്യൂണൽ ബോർഡിന് നിർദേശം നൽകി. അവസാന ചെക്ക് പോയിന്റിൽ നിന്നും ഒറ്റ വരിയായി മാത്രമേ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിലേക്ക് തീർത്ഥാടകർ പ്രവേശിക്കാവൂ- ഉത്തരവ് വ്യക്തമാക്കുന്നു.

തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അമർനാഥ് ഷ്രയ്ൻ ബോർഡിനോട് ആവശ്യപ്പെട്ടിരുന്ന ട്രൈബ്യൂണൽ നിലവിലുള്ള സാഹചര്യം വ്യക്തമാക്കി ഒരു റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയ ഉത്തരവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള വാദം നവംബറിൽ കേൾക്കവേ ഭക്തർക്ക് സംഭവിച്ചേക്കാവുന്ന അപകടങ്ങളെപ്പറ്റി സുപ്രീംകോടതി നടപ്പിലാക്കാൻ ആവശ്യപ്പെട്ടിരുന്ന ക്രമീകരണങ്ങളിന്മേൽ എടുത്ത നടപടി വിശദമാക്കാൻ ട്രൈബ്യൂണൽ പറഞ്ഞിരുന്നു. അമർനാഥ് തീർത്ഥാടനത്തിനിടെ ഉണ്ടായേക്കാവുന്ന അപകട സാധ്യതകൾ പഠിക്കാൻ ഒരു ഉന്നത അധികാര സമിതിയെയും സുപ്രീംകോടതി നിയമിച്ചിരുന്നു. അമർനാഥ് തീർത്ഥാടനവുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിച്ചു വരുന്നതായുള്ള വാർത്തകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

കഴിഞ്ഞ മാസം സമാന ഉത്തരവ് ജമ്മു കശ്മീരിലെ വൈഷ്ണവോ ദേവി ക്ഷേത്ര അധികാരികൾക്കും ദേശീയ ഹരിത ട്രൈബ്യൂണൽ നൽകിയിരുന്നു. ഒരു ദിവസം ക്ഷേത്രത്തിൽ പ്രവേശിക്കാവുന്ന തീർത്ഥാടകരുടെ എണ്ണം 50,000 ആയി നിജപ്പെടുത്തിയത് അടക്കമുള്ള നിർദേശങ്ങൾ ആണ് ട്രൈബ്യൂണൽ അന്ന് നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook