ചെന്നൈ: രാഷ്ട്രീയ പ്രവേശന വാർത്തകളെ തള്ളിക്കളഞ്ഞ് തന്റെ നിലപാട് വ്യക്തമാക്കിയ തമിഴ് സിനിമയുടെ തലൈവർ രജനികാന്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച‌യ്ക്ക് ഒരുങ്ങുന്നു. അടുത്തയാഴ്ച ഡൽഹിയിൽ ഇദ്ദേഹം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. “ബിജെപി നേതൃത്വം നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി രജനീകാന്തിനെ ഡൽഹിക്ക് ക്ഷണിച്ചിട്ടുണ്ടെന്ന്” രജനീകാന്തുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനും വരുന്ന മാസങ്ങളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുമാണ് ഈ കൂടിക്കാഴ്ചയെന്നും ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ലഭിച്ചു. അതേസമയം ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. അണ്ണാ ഡിഎംകെയിലെ വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടുവെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് മുതിർന്ന ബിജെപി നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.

“ബിജെപി സ്വീകരിക്കുന്ന നിലപാടുകളുമായി സംസ്ഥാനത്തെ എഐഎഡിഎംകെ വിഭാഗങ്ങൾ ഭാവിയിൽ ഒരുമിച്ച് പോകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവത്തെ വച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിക്ക് നല്ല ധാരണയുണ്ടെന്ന് തോന്നുന്നു. ഒപിഎസിന് മറ്റ് വഴികൾ ഇല്ലെന്നിരിക്കെ എഐഎഡിഎംകെ വിഭാഗങ്ങൾ ഭിന്നിപ്പ് മറന്ന് ഒന്നാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

ഒ.പനീർശെൽവവുമായുള്ള കൂടിക്കാഴ്ചയുടെ ബാക്കിയാണ് നരേന്ദ്ര മോദിയും രജനീകാന്തും തമ്മിൽ നടക്കാനിരിക്കുന്നതെന്നാണ് തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ സംസാരം. രാഷ്ട്രപതി തിരഞ്ഞെടുപ്പ് കഴിയും വരെ രജനീകാന്തിന്റെ ഭാഗത്ത് നിന്നോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്ത് നിന്നോ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ലെന്നാണ് സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കന്മാരുടെ ഊഹം.

ആദായ നികുതി വകുപ്പ് സംസ്ഥാനത്തെ എഐഎഡിഎംകെ നേതാക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡിന് ശേഷം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ക്യാമ്പ് പ്രതിരോധത്തിലാണ്. ഇതോടെ വി.കെ.ശശികലയെയും അനന്തിരവൻ ടി.ടി.വി. ദിനകരനെയും തള്ളിപ്പറയാനും ഇവർ ഇതോടെ തയ്യാറായിട്ടുണ്ട്. ബിജെപി നേതാവ് വനതി ശ്രീനിവാസൻ രണ്ടാഴ്ച മുൻപ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ സെക്രട്ടേറിയേറ്റിലെത്തി സന്ദർശിച്ച ശേഷമായിരുന്നു ഈ സംഭവങ്ങൾ. ഇവരുടെ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് വാർത്തകളും ആരോപണങ്ങളും ഉയർന്നെങ്കിലും ഇക്കാര്യം ബിജെപിയും എഐഎഡിഎംകെയും തള്ളിക്കളഞ്ഞിരുന്നു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ബിജെപിയും തമ്മിലുള്ള സ്നേഹബന്ധം ശക്തമാക്കുന്നതിൽ തനിക്ക് ഉത്തരവാദിത്ത്വമുണ്ടെന്ന് മാത്രമാണ് വനതി ശ്രീനിവാസൻ ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയത്.

കഴിഞ്ഞ ഞായറാഴ്ച കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തിൽ ചെന്നൈയിലെത്തിയ കേന്ദ്ര ഉദ്യോഗസ്ഥ സംഘം സംസ്ഥാനത്തെ 1083 കോടിയുടെ പദ്ധതികൾ ഒറ്റ ദിവസം കൊണ്ട് അനുമതി നൽകിയിരുന്നു. എഐഎഡിഎംകെയുമായും രജനീകാന്തിനെ മുൻ നിർത്തി വിശാലമായ രാഷ്ട്രീയ ഐക്യം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ