ബെംഗളുരു: കര്‍ണാടകയില്‍ 136 സീറ്റുകളും 43% വോട്ട് വിഹിതവും നേടി കോണ്‍ഗ്രസ് വന്‍ വിജയം നേടിയതിന് തൊട്ടുപിന്നാലെ, പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറുമാണ് മുന്‍തൂക്കം.
സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്നും ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കും ഇരുപക്ഷവും അവകാശവാദങ്ങള്‍ ഉന്നയിച്ചു. ഇരുനേതാക്കളുടെ വസതിക്ക് പുറത്ത് പുതിയ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ എന്ന് പറയുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഡികെ ശിവകുമാര്‍ ‘കര്‍ണ്ണാടകയുടെ അടുത്ത മുഖ്യമന്ത്രി’ എന്ന് പ്രഖ്യാപിക്കുന്ന പോസ്റ്ററുകള്‍ ഡികെ ശിവകുമാറിനെ അനുകൂലിക്കുന്നവര്‍ ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് പതിച്ചു. ശിവകുമാറിനെ കര്‍ണാടക മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.
അസേമയം സിദ്ധരാമയ്യയുടെ വീടിന് പുറത്തും കര്‍ണാടകയിലെ അടുത്ത മുഖ്യമന്ത്രി എന്ന പോസ്റ്ററുകള്‍ പതിച്ചു. സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ഇന്ന് യോഗം ചേരാന്‍ സാധ്യതയുള്ളതിനാല്‍ സിദ്ധരാമയ്യയെ ‘കര്‍ണ്ണാടകയുടെ അടുത്ത മുഖ്യമന്ത്രി’ എന്ന് പറഞ്ഞാണ് ബെംഗളുരുവിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് അനുയായികള്‍ പോസ്റ്ററുകള്‍ പതിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിക്കായി നയിച്ച അവസാന ഘട്ട പ്രചാരണത്തിന് മുന്നില്‍ ബിജെപിക്കെതിരെയുള്ള ശക്തമായ ഭരണവിരുദ്ധ തരംഗത്തിന്റെ പിന്‍ബലത്തിലായിരുന്നു 69 സീറ്റുകളില്‍ നിന്ന് കോണ്‍ഗ്രസിന്റെ കുതിപ്പ്. നേതൃത്വം. നിയമസഭയില്‍ 118 സീറ്റുകളുണ്ടായിരുന്ന ഭരണകക്ഷി 65 ആയി ചുരുങ്ങി, ജനതാദള്‍ (സെക്കുലര്‍) പാര്‍ട്ടിയുടെ സീറ്റുകളുടെ എണ്ണം 32 ല്‍ നിന്ന് 19 ആയി കുറഞ്ഞു.
ബിജെപിയുടെ തോല്‍വിയെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് രാജിക്കത്ത് സമര്‍പ്പിച്ചു. ”ജനങ്ങളുടെ തീരുമാനം ഞങ്ങള്‍ ബഹുമാനപൂര്‍വ്വം അംഗീകരിക്കുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.’ തോല്‍വി സമ്മതിച്ചുകൊണ്ട് ബൊമ്മൈ പറഞ്ഞു. സംസ്ഥാനത്തെ ആറ് മേഖലകളില്‍ ഓള്‍ഡ് മൈസൂരു, മുംബൈ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക, മധ്യ കര്‍ണാടക മേഖലകള്‍ കോണ്‍ഗ്രസ് തൂത്തുവാരി. ബെംഗളൂരുവില്‍ തീരദേശ കര്‍ണാടകയില്‍ മാത്രമാണ് ബിജെപിക്ക് പിടിച്ചുനില്‍ക്കാനായത്.