ന്യൂഡെല്‍ഹി: സ്കൂള്‍ ഉച്ചഭക്ഷണത്തിനായി കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെ അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും കേന്ദ്രം ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങുന്നു. കേന്ദ്ര ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ 9000 അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഏത് രാജ്യത്തും പൗരന്മാര്‍ക്കു തിരിച്ചറിയലിനായി രേഖയുണ്ടാകണം. അനാഥാലയങ്ങളില്‍ നിന്നും കുട്ടികളെ പലപ്പോഴും കാണാതാകാറുണ്ട്. ആധാര്‍ ഉണ്ടെങ്കില്‍ അവരെ പെട്ടെന്ന് തിരിച്ചറിയാനും കണ്ടെത്താനും കഴിയുമെന്നും മേനകാ ഗാന്ധി പറഞ്ഞു.

ഉച്ചഭക്ഷണം കഴിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഇതിനക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വിചിത്രവും അപഹാസ്യവുമാണ് നടപടി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഈ തീരുമാനത്തിനു പിന്നിലെ ചേതോവികാരം മനസ്സിലാക്കാൻ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സർക്കാരിന്റെ അനിവാര്യമായ ഉത്തരവാദിത്തമാണെന്നും അതിൽ സാങ്കേതിക തടസ്സം സൃഷ്ടിക്കാനേ ഈ തീരുമാനം ഇടയാക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാചക വാതക സബ്സിഡിയിൽ വെള്ളം ചേർത്ത രീതിയിൽ ഉച്ചഭക്ഷണത്തിലും കൈവെക്കുന്നത് സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന്റെ തോത് വർധിപ്പിക്കാനിടയാക്കും. വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സമാകുന്ന ഈ തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും പിണറായി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രിംകോടതി വിധി നിലനില്‍ക്കെയാണ് സ്കൂളില്‍ ഉച്ചഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. ആധാര്‍ കാര്‍ഡോ അപേക്ഷിച്ചതിന്റെ രേഖയോ ഇല്ലാത്ത കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കേണ്ടെന്നാണ് നിര്‍ദേശം.

കുട്ടികളെ കൂടാതെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ പാചകക്കാര്‍, സഹായികള്‍ എന്നിവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്താനാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ സബ്‌സിഡികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ ആലോചനയുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ