ന്യൂഡല്‍ഹി: ഗുരുത്വാകര്‍ഷണ നിയമം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് ആരാണ്? സര്‍ ഐസക് ന്യൂട്ടന്‍ എന്നായിരിക്കും യാതൊരു ശങ്കയുമില്ലാതെ ഏതൊരാളും നല്‍കുന്ന ഉത്തരം. എന്നാല്‍ ന്യൂട്ടനേക്കാളും മുന്‍പ് ഭൂഗുരത്വാകര്‍ഷണത്തെ കുറിച്ച് സംസാരിച്ചത് ഇന്ത്യയിലെ വേദങ്ങളാണെന്നാണ് കേന്ദ്ര മന്ത്രി രമേഷ് പോഖ്രിയാല്‍ നിഷാങ്ക് പറയുന്നത്.

പുരാതന ഇന്ത്യയിലെ ശാസ്ത്രത്തെ കുറിച്ച് ഐഐടികളും എന്‍ഐടികളും കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ ശിക്ഷ സന്‍സ്‌ക്രിതി ഉത്തന്‍ ന്യാസ് സംഘടിപ്പിച്ച ഗ്യാനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഐഐടികളുടേയും എന്‍ഐടികളുടേയും ഡയറക്ടര്‍മാരും വേദിയിലുണ്ടായിരുന്നു.

”ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമെല്ലാം ലോകത്ത് മറ്റാരാളേക്കാളും ഒരുപാട് മുന്‍പിലാണ് ഇന്ത്യയെന്ന് പറയുമ്പോള്‍ ഇന്നത്തെ യുവാക്കള്‍ എന്നെ ചോദ്യം ചെയ്യും. എന്താണ് പറയുന്നതെന്ന് ചോദിക്കും. നമ്മള്‍ യോഗയെ കുറിച്ച് പറയുമ്പോള്‍ ആളുകള്‍ പരിഹസിക്കും. പണ്ട് ഉണ്ടായിരുന്നതൊന്നും യുവാക്കള്‍ക്ക് നല്‍കാനായിട്ടില്ല. നമ്മുടെ അറിവ് അവരുമായി പങ്കുവെക്കുന്നതില്‍ എവിടെയോ പരാജയപ്പെട്ടു” അദ്ദേഹം പറഞ്ഞു.

”നമ്മള്‍ പറയുന്ന ചരകനും ആര്യഭടനുമൊക്കെ ഉണ്ടായിരുന്നുവെന്നും ന്യൂട്ടന്‍ പറയും മുമ്പേ നമ്മുടെ വേദങ്ങള്‍ ഗുരുത്വാകര്‍ഷണത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും നമുക്ക് തെളിയിക്കണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More News Stories Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook