scorecardresearch
Latest News

Malayalam News Highlights: തൃശൂർ പൂരത്തിന് കൊടിയേറി

Malayalam News Live Updates: ഈ മാസം 30 നാണ്‌ പ്രശസ്തമായ തൃശൂർ പൂരം

Thrissur pooram, kerala, ie malayalam

Malayalam News Highlights: തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കൊടിയേറി. പാറമേക്കാവ് ക്ഷേത്രത്തിലും തിരുവമ്പാടി ക്ഷേത്രത്തിലും ദേശക്കാര്‍ ആര്‍പ്പുവിളികളോടെയാണ് കൊടി ഉയര്‍ത്തിയത്. ഘടകക്ഷേത്രങ്ങളായ ലാലൂർ, അയ്യന്തോൾ, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നിവിടങ്ങളിലും പൂര പതാക ഉയർന്നു. ഈ മാസം 30 നാണ്‌ ലോകപ്രശസ്തമായ തൃശൂർ പൂരം.

Live Updates
20:45 (IST) 24 Apr 2023
ഓപ്പറേഷന്‍ കാവേരി: സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചതായി വിദേശകാര്യമന്ത്രി

സുഡാനിലെ ആഭ്യന്തരകലാപത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിസന്ധിയില്‍ വെടിനിര്‍ത്തലിന്റെ സൂചനകളൊന്നും കാണിക്കാത്തതിനാല്‍ അക്രമബാധിതമായ ആഫ്രിക്കന്‍ രാഷ്ട്രത്തില്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ‘ഓപ്പറേഷന്‍ കാവേരി’ ആരംഭിച്ചു വിദേശകാര്യമന്ത്രി പറഞ്ഞു. Readmore

18:34 (IST) 24 Apr 2023
പ്രധാനമന്ത്രി കൊച്ചിയിലെത്തി; കസവ് മുണ്ടും ജുബ്ബയും അണിഞ്ഞ് റോഡ് ഷോ

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി വില്ലിങ്ട്ടണ്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ വൈകീട്ട് 5ന് എത്തിയ പ്രധാനമന്ത്രിയെ മന്ത്രി പി രാജീവ് ഉള്‍പ്പടെയുള്ളവര്‍ സ്വീകരിച്ചു.

17:45 (IST) 24 Apr 2023
നരോദ ഗാം കൂട്ടക്കൊലക്കേസില്‍ പ്രതികളെ വെറുതെ വിട്ട നടപടി: എസ്ഐടി ഹൈക്കോടതിയെ സമീപിക്കും

2002ലെ നരോദ ഗാം കൂട്ടക്കൊലക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട അഹമ്മദാബാദ് പ്രത്യേക കോടതിക്കെതിരെ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും. 11 ന്യൂനപക്ഷ സമുദായാംഗങ്ങള്‍ കൊല്ലപ്പെട്ട കേസില്‍ മുന്‍ ബിജെപി എംഎല്‍എ മായ കോഡ്‌നാനി, മുന്‍ ബജ്‌റംഗ് ദള്‍ നേതാവ് ബാബു ബജ്‌റംഗി, വിശ്വഹിന്ദു പരിഷത്ത് നേതാവ് ജയദീപ് പട്ടേല്‍ എന്നിവരുള്‍പ്പെടെ 67 പ്രതികളെയാണ് അഹമ്മദാബാദ കോടതി വെറുതെവിട്ടത്. Readmore

15:17 (IST) 24 Apr 2023
‘യുവം’ പരിപാടിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന 'യുവം' പരിപാടിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം. പരിപാടി നടക്കുന്ന തേവര സേക്രട്ട് ഹാര്‍ട്ട് കോളജിന് സമീപത്തെ റോഡിലിറങ്ങി പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു.

പൊലീസ് എത്തുന്നതിന് മുന്‍പ് ഇതു കണ്ട ബിജെപി പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

15:16 (IST) 24 Apr 2023
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ സാധ്യത. വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയുള്ള മഴയുണ്ടാകുമെന്നാണ് പ്രവചനം.

14:24 (IST) 24 Apr 2023
വേനൽചൂട് കൂടുന്നു, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില ഉയരുന്നതിനാൽ പകൽ സമയത്ത് നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കുന്ന ജോലികളിലും പരിപാടികളിലും ഏർപ്പെടുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

12:30 (IST) 24 Apr 2023
നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം; കൊച്ചിയില്‍ 12 കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം കണക്കിലെടുത്ത് കൊച്ചിയിൽ 12 കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡിസിസി സെക്രട്ടറി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കൾ കരുതല്‍ തടങ്കലിലെന്നാണ് ലഭിക്കുന്ന വിവരം. Read More

12:29 (IST) 24 Apr 2023
വന്ദേഭാരത് ടിക്കറ്റ് ബുക്കിങ്ങിലും കുതിപ്പ്

തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിങ്ങിലും വൻ കുതിപ്പ്. മേയ് ഒന്നുവരെയുള്ള ടിക്കറ്റുകളിലാണ് റിസർവേഷൻ അതിവേഗം പൂർത്തിയാകുന്നത്. മേയ് 1 വരെയുള്ള സർവീസുകളിൽ ഇരുദിശകളിലേക്കുമുള്ള എക്സിക്യൂട്ടീവ് ക്ലാസിൽ കൺഫേം ടിക്കറ്റ് ലഭ്യമല്ല. എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റുകളെല്ലാം വെയ്‌റ്റ്‌ലിസ്റ്റിലാണ്.

12:29 (IST) 24 Apr 2023
69 ദിവസങ്ങൾക്കുശേഷം രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്. 69 ദിവസങ്ങൾക്കുശേഷമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. ഇന്ന് 7,178 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 16 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,31,345 ആയി ഉയർന്നു.

11:02 (IST) 24 Apr 2023
അട്ടപ്പാടിയിൽ വയോധികനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തി

ആദിവാസി വയോധികനെ ആന ചവിട്ടി കൊന്നു. അട്ടപ്പാടി തേക്കുപ്പനയിലാണ് സംഭവം. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് ആനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.

09:17 (IST) 24 Apr 2023
പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ (ഏപ്രില്‍ 24), ചൊവ്വ (ഏപ്രില്‍ 25) ദിവസങ്ങളിൽ കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം. തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മുതൽ രാത്രി എട്ട് വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂർ, വൈറ്റില വഴിയും ഇടക്കൊച്ചി, അരൂർ വഴിയും എന്‍എച്ചില്‍ൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരേണ്ടതാണ്. Read More

09:16 (IST) 24 Apr 2023
പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ, കനത്ത സുരക്ഷയിൽ നഗരം

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് അഞ്ചിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ നാവികസേന വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തും. 5.30നു തേവര ജം‌ക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് തേവര എസ്എച്ച് കോളേജിൽ നടക്കുന്ന ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും.

Web Title: News malayalam news live updates april