scorecardresearch
Latest News

രാഹുൽ ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ചു; ചാനൽ അവതാരകൻ കസ്റ്റഡിയിൽ

വയനാട്ടിലെ എംപി ഓഫീസ് തകർത്തത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ലെന്നുമുള്ള രാഹുൽഗാന്ധിയുടെ പ്രസ്താവന ഉദയ്‌പുരിൽ തയ്യൽക്കാരൻ കനയ്യലാലിനെ കൊലപ്പെടുത്തിയവരെ കുറിച്ചാണെന്ന് തെറ്റായി വാർത്ത നൽകിയതിനാണ് കേസ്

രാഹുൽ ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ചു; ചാനൽ അവതാരകൻ കസ്റ്റഡിയിൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ചതിന് സീ ടിവി ന്യൂസ് അവതാരകൻ രോഹിത് രഞ്ജനെ യുപി പൊലീസ് ചൊവ്വാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തു. വയനാട്ടിലെ എംപി ഓഫീസ് തകർത്തത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ലെന്നുമുള്ള രാഹുൽഗാന്ധിയുടെ പ്രസ്താവന ഉദയ്‌പുരിൽ തയ്യൽക്കാരൻ കനയ്യലാലിനെ കൊലപ്പെടുത്തിയവരെ കുറിച്ചാണെന്ന് തെറ്റായി വാർത്ത നൽകിയതിനാണ് കേസ്.

രഞ്ജനെതിരെ നേരത്തെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് പൊലീസ് ഉദ്യോഗസ്ഥർ രഞ്ജനെ അറസ്റ്റ് ചെയ്യാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു എന്നാൽ യുപി പൊലീസെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. “ലോക്കൽ പോലീസിനെ അറിയിക്കാതെ എന്നെ അറസ്റ്റ് ചെയ്യാൻ ഛത്തീസ്ഗഡ് പോലീസ് എന്റെ വീടിന് പുറത്ത് നിൽക്കുന്നു, ഇത് നിയമപരമാണോ,” പത്രപ്രവർത്തകൻ ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിൽ വ്യാജ വീഡിയോ നൽകിയതിന് തങ്ങളുടെ ജീവനക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സീ ന്യൂസ് ആവശ്യപ്പെട്ടിരുന്നതായി യുപിയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഐപിസി സെക്ഷൻ 505 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിപാടിയുടെ അവതാരകൻ രഞ്ജൻ ആയതിനാൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നുവെന്നും. ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റിനായി സ്ഥലത്ത് എത്തിയിരുന്നെങ്കിലും തങ്ങൾ കസ്റ്റഡിയിൽ എടുത്തിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സീ ന്യൂസിന്റെ ഡി.എൻ.എ. പ്രൈം ടൈം എന്ന ഷോയിലാണ് വയനാട്ടിലെ ഓഫിസ് ആക്രമണത്തിൽ രാഹുൽ നടത്തിയ പ്രസ്താവന ഉദയ്‌പൂർ കൊലയാളികളെ കുറിച്ചുള്ളതാണെന്ന തരത്തിൽ തെറ്റായി പ്രചരിപ്പിച്ചത്. ഇത് ബിജെപി നേതാക്കളായ മുൻ മന്ത്രി രാജ്യവർധൻ സിങ് റാത്തോഡും സുബ്രത് പഥക് എംപിയും കമലേഷ് സൈനി എംഎൽഎ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

പിന്നാലെ തെറ്റായ വീഡിയോ ആണെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുകയും റാത്തോഡ് ആദ്യം വീഡിയോ പിൻവലിക്കുകയും പിന്നീട് വീണ്ടും അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ കോൺഗ്രസിറെ മുതിർന്ന നേതാവ് ജയറാം രമേശ് ഉൾപ്പടെയുള്ളവർ രംഗത്ത് എത്തി. വീഡിയോ തെറ്റായി നൽകി രണ്ടാം ദിനം തെറ്റുസംഭവിച്ചെന്ന് പിഴവ് സംഭവിച്ചതാണെന്നും വ്യക്തമാക്കി ചാനലും രഞ്ജനും രംഗത്ത് എത്തിയിരുന്നു.

നേരത്തേയും രാഹുലിന്റെ വയനാടൻ സന്ദർശനവുമായി ബന്ധപ്പെട്ട് വടക്കേ ഇന്ത്യയിൽ വ്യാജപ്രചാരണങ്ങൾ നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ വയനാട് നടന്ന ഒരു റാലിയിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ പച്ചപ്പതാക വീശിയത് പാകിസ്ഥാൻ പതാകയെന്ന തരത്തിൽ ബിജെപി പ്രചരിപ്പിച്ചിരുന്നു.

Also Read: Top News Live Updates: കാലവർഷം കനക്കുന്നു; കേരളത്തിൽ ആറിടത് ഓറഞ്ച് അലർട്ട്, മുംബൈയിലും കനത്ത മഴ, വെള്ളപൊക്കം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: News anchor bjp booked jaipur misleading rahul gandhi video