കടലൂർ (തമിഴ്നാട്): ഭർത്താവിനെ ഭാര്യ അരകല്ല് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഭർത്താവ് സുന്ദരനല്ലെന്ന കാരണത്താലാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം.

22 കാരിയായ പെൺകുട്ടി ഒരാഴ്ച മുൻപാണ് വിവാഹിതയായത്. ഭർത്താവ് സുന്ദരനല്ലെന്നും പെൺകുട്ടിക്ക് അനുയോജ്യനായ വ്യക്തിയല്ലെന്നും കൂട്ടുകാരും ബന്ധുക്കളും പറയുമായിരുന്നു. ഇതു കേട്ടതു മുതൽ ഭർത്താവിനോട് പെൺകുട്ടിക്ക് വെറുപ്പായി. കഴിഞ്ഞ ദിവസം രാത്രി ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിട്ടു. തുടർന്ന് അരകല്ല് ഉപയോഗിച്ച് ഭർത്താവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിനുശേഷം കരഞ്ഞുകൊണ്ട് പുറത്തെത്തിയ പെൺകുട്ടി തന്റെ ഭർത്താവിനെ ആരോ കൊലപ്പെടുത്തിയെന്ന് അയൽവാസികളോട് പറഞ്ഞു. ഒടുവിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയത്. കൊലപാതക കുറ്റം ചുമത്തി പെൺകുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ