ഹൈദരാബാദ്: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റില്‍. ആന്ധ്രാ പ്രദേശിലെ വിസിയാനഗരം ജില്ലയിലെ സരസ്വതിയെ(22) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച തോട്ടപ്പള്ളി ഐടിഡിഎ പാര്‍ക്കിനടുത്ത്‌ വച്ച് വൈകിട്ട് എട്ടു മണിയ്ക്ക് മൂന്നു പേര്‍ ചേര്‍ന്ന് തന്‍റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് സരസ്വതി ഗാരുഗുഗുബില്ലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മോഷണശ്രമത്തിനിടെയാണ് ഭര്‍ത്താവായ ഗൗരിശങ്കറിനെ കൊലപ്പെടുത്തിയതെന്നും തന്‍റെ മാല മോഷ്ടാക്കൾ കവർന്നുവെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ പിടികൂടിയപ്പോഴാണ് യഥാർത്ഥ സംഭവം പുറത്ത് വന്നത്.

തൊഴില്‍ രഹിതനായ കാമുകന്‍ മദ്ദ് ശിവയുടെ കൂടെ പോകുന്നതിനു വേണ്ടി സരസ്വതി ഭര്‍ത്താവിനെ കൊലപെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കുറ്റകൃത്യം നടത്തുന്നതിനുവേണ്ടി ബിടെക് കഴിഞ്ഞ് തൊഴില്‍ രഹിതരായ യുവാക്കളെ ഏര്‍പ്പാട് ചെയ്തു. ഇതിനു വേണ്ട പണം കണ്ടെത്തിയത് വിവാഹമോതിരം വിറ്റിട്ടായിരുന്നുവെന്നും യുവതി പൊലീസിനോട് സമ്മതിച്ചു. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം.

അതിനു ശേഷം സ്ഥലത്തെ ലോക്കല്‍ ഗുണ്ടയായ സരിപ്പള്ളി രാമ കൃഷ്ണയെയും, രണ്ടു ബിടെക്കുകാരെയും കാമുകനായ ശിവ ഏര്‍പ്പാട് ചെയ്തു. ഇതിനു മുന്‍‌കൂറായി 8000 രൂപ സരസ്വതി ഓൺലൈനിലൂടെ ട്രാൻസ്ഫർ ചെയ്തു. 1000 രൂപ ശിവ കൊലയാളി സംഘത്തിന് നേരിട്ട് നൽകി.

ബെല്ലാരിയില്‍ ഇലക്‌ട്രിക്കല്‍ എൻജിനീയറായ ഗൗരി ശങ്കറും ഭാര്യ സരസ്വതിയും പാര്‍വതിപുരത്തെ വാഹന സര്‍വീസ് സെന്ററില്‍ നിന്ന് വരുമ്പോള്‍ പ്രതികള്‍ ഒരു ഓട്ടോറിക്ഷയില്‍ അവരെ പിന്തുടർന്നു. അതിനു വേണ്ടി ദേവരപ്പള്ളി കിഷോറില്‍ നിന്നും അവര്‍ ഓട്ടോ വാടകയ്ക്ക് എടുത്തിരുന്നു. നേരത്തെ തീരുമാനിച്ച പ്രകാരം ഒറ്റപെട്ട സ്ഥലത്ത് എത്തിയപ്പോള്‍ എന്തോ കാരണം പറഞ്ഞ് സരസ്വതി വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറകെ വന്ന ഗുണ്ടകള്‍ ഗൗരിയെ ആക്രമിക്കുകയുമായിരുന്നുവെന്ന് വിസിയാനഗരം എസ്‌പിയായ ജി.പി.രാജു പറഞ്ഞു.

“തലയ്ക്കു ഇരുമ്പുകൊണ്ട് മാരകമായ അടിയേറ്റ ഗൗരി ശങ്കര്‍ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോ ഒരു ചെക്ക്പോസ്റ്റില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook