ചെന്നൈ: സെല്‍ഫിയെടുക്കുന്നതിനിടെ പ്രതിശ്രുത വധൂവരന്‍മാര്‍ കിണറ്റില്‍ വീണു. യുവാവിനെ രക്ഷപ്പെടുത്തിയെങ്കിലും യുവതി മരിച്ചു. ചെന്നൈയിലെ പട്ടാബിറാമിലുള്ള ഗാന്ധിനഗറിലാണ് സംഭവം.

കിണറിനോടു ചേര്‍ന്ന ഗോവണിയില്‍ നിന്നു ഇവരുവരും സെല്‍ഫിയെടുക്കാന്‍ നോക്കുകയായിരുന്നു. അതിനിടെ രണ്ടുപേരും കിണറ്റില്‍ വീണു. ഗാന്ധിനഗറിലെ മേഴ്‌സി സ്റ്റെഫി എന്ന പെണ്‍കുട്ടിക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വരന്‍ അപ്പുവിനെ കിണറ്റില്‍ നിന്നു രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Read Also: ‘തൊടരുത്’,ആരാധികയോട് ദ്വേഷ്യപ്പെട്ട് റാണു മണ്ഡല്‍; വിമര്‍ശനം

തിങ്കളാഴ്‌ചയാണ് സഭവം നടക്കുന്നത്. മേഴ്‌സിയും അപ്പുവും ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. പട്ടാബിറാമിലുള്ള ഒരു ഫാമില്‍ എത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് സെല്‍ഫികളെടുക്കാന്‍ തുടങ്ങി. ഫാമില്‍ ഒരു കിണറുണ്ട്. അതിന്റെ ഗോവണിയില്‍ കയറിനിന്ന് സെല്‍ഫിയെടുക്കണമെന്ന് മേഴ്‌സി ആഗ്രഹം പ്രകടിപ്പിച്ചു. വണ്ടാലൂരിലുള്ള ഫാമായിരുന്നു ഇത്.

പിന്നീട് കിണറ്റിലെ ഗോവണിയില്‍ കയറിനിന്ന് ഇരുവരും ചേര്‍ന്ന് സെല്‍ഫിയെടുക്കാന്‍ തുടങ്ങി. ഇങ്ങനെ സെല്‍ഫിയെടുക്കുന്നതിനിടയില്‍ മേഴ്‌സി കിണറ്റിലേക്കു വീണു. സെല്‍ഫിയെടുക്കുന്നതിനിടെ മേഴ്‌സിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഗോവണിയുടെ ഒരു ഭാഗത്തുനിന്ന് മേഴ്‌സി വഴുതി കിണറ്റിലേക്ക് വീണു. വീഴുന്നതിനിടെ മേഴ്‌സിയുടെ തല കിണറ്റില്‍ ഇടിക്കുകയും ചെയ്തു.

Read Also: അധ്യാപകർ ഫെയ്‌സ്ബുക്കും വാട്‌സാപ്പും ഉപയോഗിക്കരുത്; സ്‌കൂളുകളിൽ മൊബെെൽ ഫോണുകൾക്ക് നിരോധനം

മേഴ്‌സിയെ രക്ഷിക്കാന്‍ അപ്പു ശ്രമങ്ങള്‍ നടത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ അപ്പുവും കിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റില്‍ വീണ അപ്പു ഓളിയിട്ട് കരഞ്ഞു. ശബ്ദം കേട്ട് ഫാമിലെ കര്‍ഷകന്‍ ഓടിയെത്തിയപ്പോഴാണ് കാര്യം അറിയുന്നത്. ഉടനെ രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ഫോഴ്‌സിനെ വിളിച്ചു. ഒടുവില്‍ രണ്ടുപേരെയും കിണറ്റില്‍ നിന്നു പുറത്തേക്ക് എത്തിച്ചു. എന്നാല്‍, മേഴ്‌സി മരിച്ച നിലയിലായിരുന്നു. അപ്പുവിന് ജീവനുണ്ടായിരുന്നു. അപ്പുവിനെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഴ്‌സിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കുകയും ചെയ്തു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇരുവരുടെയും കല്യാണം ഉറപ്പിച്ചത്. 2020 ജനുവരിയിലാണ് ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook