ന്യൂയോര്‍ക്ക്‌: സൗരയൂഥത്തിനു പുറത്ത്‌ പുതുതായി കണ്ടെത്തിയ ഭൂമിക്ക് സമാനമായ ഗ്രഹത്തില്‍ അന്യഗ്രഹജീവികള്‍ ഉണ്ടാവാന്‍ സാധ്യതകള്‍ ഏറെയാണെന്ന് റിപ്പോര്‍ട്ട്. ബര്‍ണാഡ്‌ നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തിലാണു ജീവനു സാധ്യതയുള്ളത്‌. ഈ ഗ്രഹത്തിനു ബര്‍ണാഡ്‌ -ബി എന്നാണു പേരു നല്‍കിയിരിക്കുന്നത്‌. സൂര്യന്റെ അയല്‍ക്കാരനായി പരിഗണിക്കപ്പെടുന്ന ബര്‍ണാഡ്‌ ആറു പ്രകാശവര്‍ഷം അകലെയാണ്‌. അമേരിക്കയിലെ വില്ലനോവ സര്‍വ്വകലാശാലയില്‍ നടത്തിയ പഠന പ്രകാരം ഈ ഗ്രഹത്തില്‍ ജീവിക്കാന്‍ ആവശ്യമായ അന്തരീക്ഷമാണുളളത്. കുറഞ്ഞത് 3, 2 ഭൂമി പിണ്ഡം ആണ് ബര്‍ണാഡ് ബിക്ക് ഉളളത്.

ബര്‍ണാഡ്‌ ബി ഗ്രഹത്തില്‍ മൈനസ്‌ 150 ഡിഗ്രി സെല്‍ഷ്യസാണു താപനില. ഭൂമിക്കു സമാനമായി നിക്കല്‍ – ഇരുമ്പ്‌ കോറാണു ഇവിടുള്ളത്‌. ഗ്രഹത്തിന്റെ പ്രതലത്തിനു താഴെയും ഗവേഷകര്‍ ജീവനു സാധ്യത കല്‍പിക്കുന്നു. അന്റാര്‍ട്ടിക്കയിലെ തണുത്തുറഞ്ഞ തടാകങ്ങള്‍ക്കു താഴെയുള്ളതുപോലെ സൂക്ഷ്‌മ ജീവികളെയും മറ്റ് ജീവികളേയും ആണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്‌. അഗ്നിപർവ്വതങ്ങളും ഇവിടെ ദ്രാവക രൂപത്തിലുള്ള ജലം ഉറപ്പാക്കുമെന്നു ഗവേഷകര്‍ പറയുന്നു.

ബര്‍ണാഡ്‌ നക്ഷത്രത്തിനു സൂര്യന്റെ ഇരട്ടിയോളമാണു പ്രായം (900 കോടി വര്‍ഷം). ബര്‍ണാഡ്‌ ബിക്ക്‌ ഭൂമിയുടെ മൂന്നിരട്ടി ഭാരമുണ്ട്‌. നക്ഷത്രത്തെ ചുറ്റാന്‍ 233 ദിവസമാണു വേണ്ടത്‌. ഭാവിയില്‍ അത്യാധുനികമായ വലിയ ടെലസ്കോപ്പുകള്‍ ഉപയോഗിച്ച് മാത്രമാണ് ഗ്രഹത്തിലെ ചിത്രങ്ങള്‍ പകര്‍ത്താനാവുക. അത്തരം ഗവേഷണങ്ങളിലൂടെ മാത്രമേ ഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കഴിയുകയുളളൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook