കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യത്തിൽ ന്യുസിലൻഡിൽ ജനഹിത പരിശോധന. ഉല്ലാസങ്ങൾക്കും വിനോദ പരിപാടികൾക്കുമായി കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്നാണ് പൊതു ആവശ്യം. ഇക്കാര്യത്തിൽ ജനഹിത പരിശോധനയിലൂടെ അന്തിമ തീരുമാനമെടുക്കാനാണ് ന്യുസിലൻഡ് തീരുമാനിച്ചത്.
ദയാവധം നിയമവിധേയമാക്കണോ എന്ന കാര്യത്തിലും ജനഹിത പരിശോധന തേടുന്നുണ്ട്. ദയാവധം നിയമവിധേയമാക്കുന്നതിനു ജനഹിത പരിശോധനയിലൂടെ അംഗീകാരം ലഭിക്കാനാണ് സാധ്യത. അതേസമയം, കഞ്ചാവ് നിയമവിധേയമാക്കുന്നത് വെെകിയേക്കുമെന്നാണ് റിപ്പോർട്ട്.
Read Also:വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തി; ജമന്തിയാണെന്ന് പറഞ്ഞ് അമ്മയെ പറ്റിച്ചു
ഒരു ദിവസം 14 ഗ്രാം കഞ്ചാവ് കൈവശം വയ്ക്കാനും വീട്ടിൽ രണ്ട് കഞ്ചാവ് ചെടി വളർത്താനും അനുമതി തേടുന്നതാണ് ജനഹിത പരിശോധന. കാനഡ, ദക്ഷിണാഫ്രിക്ക, ഉറുഗ്വായ്, ജോർജിയ തുടങ്ങിയ രാജ്യങ്ങളെല്ലാം കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയിട്ടുണ്ട്.
അതേസമയം, ന്യുസിലൻഡിൽ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ജസീന്ത ആർതൻ തുടർച്ചയായി രണ്ടാം തവണ ന്യുസിലൻഡ് പ്രധാനമന്ത്രിയാകാൻ മത്സരരംഗത്തുണ്ട്. ലേബർ പാർട്ടി സ്ഥാനാർഥിയായി ജസീന്ത മത്സരിക്കുമ്പോൾ നാഷണൽ പാർട്ടി സ്ഥാനാർഥിയായി ജൂതിദ് കൊളിൻസ് മത്സരരംഗത്തുണ്ട്.
ജസീന്തയ്ക്ക് ഭരണത്തുടർച്ച ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് പ്രതിരോധത്തിൽ ജസീന്ത നടത്തിയ പ്രകടനം ലോകവ്യാപകമായി പ്രശംസിക്കപ്പെട്ടിരുന്നു.