ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡ് മുസ്‌ലിം പളളികളിൽ വെടിവയ്പ് നടത്തി 49 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാർ വകുപ്പുകളിലേക്കും അന്വേഷണം നീളുന്നു. അക്രമികളെ കുറിച്ച് സർക്കാർ ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.
ആസൂത്രിത അക്രമം ആണിതെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ അന്വേഷണത്തിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്.
ഏതൊക്കെ അന്വേഷണ ഏജൻസികൾക്ക് അക്രമി തോക്ക് വാങ്ങിയതും അക്രമത്തിനൊരുങ്ങുന്നുവെന്നുമുളള കാര്യം അറിയാമായിരുന്നുവെന്നാണ് ആദ്യം അന്വേഷിക്കുന്നത്. ഇതിന് പുറമെ, ഏതൊക്കെ ഏജൻസികളാണ് ഇത്തരം കാര്യങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതെന്നും അന്വേഷിക്കുന്നുണ്ട്. ഭാവിയിൽ ആക്രമണം തടയാൻ കൂടി ഉദ്ദേശിച്ചുളളതാണ് അന്വേഷണം.
രാജ്യത്ത് തോക്ക് കൈവശം വയ്ക്കുന്നതിനുളള നിയമം അടിമുടി പൊളിച്ചെഴുതാനും പ്രധാനമന്ത്രി നിർദ്ദേശം നൽകി. കൂട്ടക്കൊല നടത്തിയ 28 കാരനായ അക്രമി ബ്രണ്ടൻ ടറന്റിന് 2017 നവംബറിലാണ് തോക്ക് വാങ്ങാൻ ലൈസൻസ് ലഭിച്ചത്. 2018 മാർച്ചിനുളളിൽ ഇയാൾ നാല് തോക്കുകളാണ് വാങ്ങിയത്.