ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡെന്‍ വിവാഹിതയാകുന്നു. മുപ്പത്തിയെട്ടു വയസ്സുള്ള ജസിന്ത നാല്പത്തിയൊന്നുകാരനായ പങ്കാളി ക്ലാര്‍ക്ക് ഗേഫോര്‍ഡിനെയാണ് വിവാഹം കഴിക്കുന്നത്. അഞ്ചു വര്‍ഷത്തോളമായി ഇരുവരും ഒന്നിച്ചായിരുന്നു. ഈസ്റ്റര്‍ അവധിക്കാലത്താണ് ജസിന്തയുടെ വിവാഹനിശ്ചയം നടന്നത് എന്ന് അവരുടെ വക്താവ് അറിയച്ചതായി ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഒരു ടെലിവിഷന്‍ ഷോ അവതാരകനാണ് ഗേഫോര്‍ഡ്. ജസിന്ത രാജ്യഭാരത്തിന്റെ തിരക്കുകളിലേക്ക് പോകുമ്പോള്‍ അവരുടെ പത്തു മാസം പ്രായമുള്ള മകള്‍ നെവെ തെ അരോഹയെ പരിപാലിക്കുന്നത് ഗേഫോര്‍ഡ് ആണ്. കഴിഞ്ഞ വര്‍ഷം ജസിന്ത ഗര്‍ഭിണിയാണ് എന്ന് പ്രഖ്യാപിച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബേനസീര്‍ ഭുട്ടോ കഴിഞ്ഞാല്‍, ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട, നേതൃപദവിയിലിരിക്കുമ്പോള്‍ ഗര്‍ഭം ധരിച്ച രണ്ടാമത്തെ വനിതയാണ് ജസിന്ത. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരിക്കുന്ന കാലയളവില്‍ തന്നെ ബേനസീര്‍ ഭുട്ടോ ഒരു കുഞ്ഞിന്റെ അമ്മയായിരുന്നു. 1990ലാണ് ഇത്.

jacinda ardern, jacinda ardern engagement, jacinda ardern wedding, jacinda ardern partner, jacinda ardern gets engaged to boyfriend, new zealand pm

‘എന്നെ വിവാഹം കഴിക്കുമോ എന്ന് ഗേഫോര്‍ഡിനോട് ചോദിക്കുമോ അതോ അദ്ദേഹം പ്രോപോസ് ചെയ്യാനായി കാത്തിരിക്കുമോ?’, കഴിഞ്ഞ ജനുവരിയില്‍ ബി ബി സി ജസിന്ത ആര്‍ഡെനോട് ചോദിച്ചിരുന്നു.

“ഞാന്‍ തീര്‍ച്ചയായും ഒരു ഫെമിനിസ്റ്റ് ആണ്. പക്ഷേ ആ ചോദ്യം എന്നോട് എങ്ങനെ ചോദിക്കണം എന്നുള്ള ഒരു ആകുലതയും ആധിയുമുണ്ടല്ലോ, അത് അദ്ദേഹം അനുഭവിക്കണം എന്ന് തന്നെ ഞാന്‍ കരുതും. ഞാന്‍ ചോദിച്ചാല്‍ അത് എളുപ്പമാകുമല്ലോ. അത് വേണ്ട,” തമാശ കലര്‍ത്തി ജസിന്ത മറുപടി പറഞ്ഞതിങ്ങനെ.

വെള്ളിയാഴ്ച നടന്ന ഒരു പൊതുപരിപാടിയില്‍ ജസിന്തയുടെ കൈവിരലില്‍ ഒരു മോതിരം കണ്ടെത്തിയത് മാധ്യമപ്രവര്‍ത്തകരാണ്. അതിനു ശേഷമാണ് ഔദ്യോഗികമായി ജസിന്തയുടെ വക്താവ് ഈ വിവരം ലോകത്തെ അറിയിക്കുന്നത്. ഈസ്റ്റര്‍ മുതല്‍ ഈ മോതിരം അവര്‍ അണിയുന്നു എന്ന് പറഞ്ഞ വക്താവ് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സന്നദ്ധനായില്ല.

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജസിന്തയും ഗേഫോര്‍ഡും തമ്മില്‍ ആദ്യമായി കാണുന്നത്. അന്നത്തെ നാഷണല്‍ പാര്‍ട്ടി സര്‍ക്കാര്‍, സെക്യൂരിറ്റിയുമായി ബന്ധപ്പെട്ടു നടപ്പിലാക്കിയ ചില മാറ്റങ്ങളോടുള്ള തന്റെ എതിര്‍പ്പ് ഒരു പാര്‍ലമെന്റ് അംഗത്തിനോട് അറിയിക്കാനെത്തിയ ഗേഫോര്‍ഡ്, അന്ന് ലേബര്‍ പാര്‍ട്ടിയിലെ ഉയര്‍ന്നു വരുന്ന നേതാവായ ജസിന്തയെ കാണുകയും പരിചയത്തിലാവുകയും ചെയ്തു. തുടര്‍ന്ന് സൗഹൃദത്തിലായവര്‍, അധികം വൈകാതെ ഒന്നിച്ചു താമസിക്കാന്‍ തുടങ്ങി.

‘ഫിഷ്‌ ഓഫ് ദി ഡേ’ എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകനാണ് ഗേഫോര്‍ഡ്. പെസഫിക് ഭൂഗണ്ഡം മുഴുവായി യാത്ര ചെയ്തു, പല തരാം മീന്‍ പിടിക്കുകയും അവയുടെ വിവിധങ്ങളായ പാചകരീതികള്‍ കണ്ടെത്തുകയും ചെയ്യുന്നതാണ് ഷോ. ഇരുപതു രാജ്യങ്ങളില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്ന ഈ ഷോയ്ക്ക് ഹ്യൂസ്റ്റന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

മാർച്ചിൽ ന്യൂസീലാന്‍ഡില്‍ 51 മുസ്ലീങ്ങളുടെ മരണത്തിനിരയാക്കിയ സംഭവത്തിനോടുള്ള ജസിന്തയുടെ ശാന്തവും അനുകമ്പ നിറഞ്ഞതുമായ നിലപാടുകള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

 

Read More: അസലാമു അലൈക്കും: ന്യൂസിലൻഡ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത് മുസ്‌ലിം അഭിവാദ്യത്തോടെ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook