കോവിഡ് വ്യാപനം വീണ്ടും സജീവമായതോടെ നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ന്യൂസിലന്‍ഡ്. ഹാളുകളിലും അടച്ചിട്ട മുറികളിലും നടക്കുന്ന പരിപാടികളില്‍ 100 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുവാദം. എന്നാല്‍ വാക്സിന് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരിപാടിയെങ്കില്‍ 25 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
നാട് വീണ്ടും കോവിഡ് ഭീതിയിലേക്ക് നീങ്ങുമ്പോള്‍ തന്റെ വിവാഹം തന്നെ മാറ്റി വച്ചിരിക്കുകയാണ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍. “രോഗവ്യാപനം മൂലം എന്റെ വിവാഹം മാറ്റിവയ്ക്കുകയാണ്, സമാനമായ സാഹചര്യം നേരിടുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു,” ജസീന്ദ മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രിയുടെ വിവാഹ തീയതി പുറത്ത് വിട്ടിരുന്നില്ലെങ്കിലും ഉടന്‍ തന്നെ ഉണ്ടാകുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. വിവാഹം മാറ്റിവയ്ക്കുന്നതിനെ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്ന ചോദ്യത്തിന് ഇങ്ങനെയൊക്കെയാണ് ജീവിതം എന്നായിരുന്നു അവരുടെ മറുപടി.
“ഞാന്‍ ആരില്‍ നിന്നും വ്യത്യസ്തയല്ല. മഹാമാരി മൂലം ന്യൂസിലന്‍ഡിലെ ആയിരങ്ങല്‍ ഇതിലും വലിയ തിരിച്ചടികള്‍ നേരിട്ടു. പ്രിയപ്പെട്ടവര്‍ രോഗത്തോട് പോരാടുമ്പോള്‍ അവര്‍ക്ക് ഒപ്പം നില്ക്കാന് കഴിയാത്തതാണ് വേദനാജനകം. ഇതെല്ലാം എന്റെ സങ്കടങ്ങളേക്കാള്‍ വളരെ മുകളിലാണ്,” പ്രധാനമന്ത്രി പറഞ്ഞു.
2020 മാർച്ച് മുതൽ ന്യൂസിലൻഡിന്റെ അതിര്‍ത്തി വഴി മറ്റ് രാജ്യക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അയൽരാജ്യമായ ഓസ്ട്രേലിയയിലെ പോലെ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കാനുള്ള സാധ്യത പരിഗണിച്ച് അതിര്‍ത്തികള്‍ തുറക്കുന്നത് സര്‍ക്കാര്‍ വീണ്ടും നീട്ടി വച്ചിരിക്കുകയാണ്.
Also Read: നടിയെ ആക്രമിച്ച കേസ്: ദിലീപ് ഹാജരായി; ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു